പറവൂർ: ഏഴിക്കര, വടക്കേക്കര പഞ്ചായത്തുകളിൽ വ്യാഴാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് ഒരുക്കം പൂർത്തിയായി. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറു വരെയാണ് പോളിങ്. ഏഴിക്കര പഞ്ചായത്ത് വാടക്കുപുറം 3ാം വാർഡിന്റെ പോളിങ് സ്റ്റേഷൻ കെടാമംഗലം ഗവ.എൽ.പി സ്കൂളും വടക്കേക്കര പഞ്ചായത്ത് മുറവൻതുരുത്ത് 11ാം വാർഡിന്റേത് മുറവൻതുരുത്ത് ഗവ. മുഹമ്മദൻസ് എൽ.പി സ്കൂളുമാണ്. രണ്ടിടത്തും രണ്ട് പോളിങ് ബൂത്തുകൾ വീതം സജ്ജീകരിച്ചിട്ടുണ്ട്. പോളിങ് പൂർത്തിയായശേഷം വോട്ടിങ് മെഷീനുകൾ അതതു പഞ്ചായത്തുകളിലെത്തിക്കും. വെള്ളിയാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും.
വിദേശത്ത് ജോലിക്കുപോയ സി.പി.എം അംഗം കെ.എം. അനൂപ് രാജിവെച്ചതിനാൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഇവിടെ ടി.പി. സോമൻ (യു.ഡി.എഫ്), എം.എസ്. നവനീത് (എൽ.ഡി.എഫ്), അജേഷ് കാട്ടേത്ത് (എൻ.ഡി.എ) എന്നിവരാണ് സ്ഥാനാർഥികൾ. 14 വാർഡുള്ള പഞ്ചായത്തിൽ യു.ഡി.എഫ് 8, എൽ.ഡി.എഫ് 5 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. വാഹനാപകടത്തിൽ കോൺഗ്രസ് വാർഡ് അംഗം പി.ജെ. ജോബി മരിച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വടക്കേക്കര പഞ്ചായത്ത് 11ാം വാർഡിൽ ജോബിയുടെ മകൾ നിഖിത ജോബിയാണ് യു.ഡി.എഫ് സ്ഥാനാർഥി. കെ.എസ്. സുനി എൽ.ഡി.എഫ്, ഐ.ബി. കൃഷ്ണകുമാർ എൻ.ഡി.എ സ്ഥാനാർഥികളാണ്. യു.ഡി.എഫ് ഭരിക്കുന്ന ഏഴിക്കരയിലും എൽ.ഡി.എഫ് ഭരിക്കുന്ന വടക്കേക്കരയിലും ഉപതെരഞ്ഞെടുപ്പ് ഫലം ഭരണത്തെ സ്വാധീനിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.