പറവൂർ: കച്ചേരിവളപ്പിൽ ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പിൻവശം കാടുകയറി. സമീപത്തെ പഴയ കെട്ടിടത്തിനു ചുറ്റും കാടുകയറി പന്തലിച്ചു കിടക്കുകയാണ്. മഴ ശക്തമായതോടെ മൈതാനിയുടെ പല ഭാഗവും വൃത്തിഹീനമായി. ഇഴജന്തുക്കളുടെ വാസസ്ഥലവുമായി.
കോടതിക്കും സബ് ട്രഷറിക്ക് മുന്നിലുമായി വെള്ളം കെട്ടിക്കിടക്കുന്നത് കാൽനടക്കാർക്കും ഓഫിസുകളിൽ വരുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ട്രഷറിയുടെ മുന്നിൽ ഇട്ടിരിക്കുന്ന ടൈലുകളുടെ വിടവിലേക്കു ചളി ഇറങ്ങുന്നതിനാൽ വഴുക്കൽ കൂടി. ട്രഷറിക്ക് പിന്നിൽ പൊലീസ് സ്റ്റേഷനോട് ചേർന്ന ഭാഗത്തും ചളിപിടിച്ചു. കാർ പാർക്ക് ചെയ്യുന്ന സ്ഥലത്തൊക്കെ ഇലകൾ പൊഴിഞ്ഞ് ചീഞ്ഞളിഞ്ഞു.
മൈതാനിയുടെ മിക്ക ഭാഗങ്ങളിലെയും ടൈലുകൾ പൊട്ടിക്കിടക്കുന്നത് വെള്ളക്കെട്ടിനു കാരണമായിട്ടുണ്ട്. വഴിവിളക്കുകൾ തെളിയാത്തതും പ്രയാസം ഉണ്ടാക്കിയിട്ടുണ്ട്. ആറു കോടതികൾ, സബ് ട്രഷറി, താലൂക്ക് ഓഫിസ്, സബ് രജിസ്ട്രാർ ഓഫിസ് എന്നിവ കച്ചേരിമൈതാനിയിൽ പ്രവർത്തിക്കുന്നുണ്ട്. മിനിസിവിൽ സ്റ്റേഷൻ, കെ.എസ്.ഇ.ബി ഓഫിസ്, പൊലീസ് സ്റ്റേഷൻ എന്നിവയും സമീപത്തുണ്ട്. ദിവസേന പല ആവശ്യങ്ങൾക്കും ഇവിടെയെത്തുന്നത് നൂറുകണക്കിനാളുകളാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് നവീകരിച്ച മൈതാനം മരച്ചില്ലകളും ചവറുകളും വീണാണ് നശിക്കുന്നത്.
അതേസമയം, സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുമ്പ് കച്ചേരിമൈതാനിയുടെ പിന്നിലെ കാടും പടലും വെട്ടിത്തെളിച്ച് വൃത്തിയാക്കുമെന്ന് നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ പറഞ്ഞു. നിലവിൽ ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ മൈതാനിയിൽ ശുചീകരണം നടത്തുന്നുണ്ട്. മഴയുള്ളതിനാലാണ് ഇപ്പോൾ ചപ്പുചവറുകൾ കൂടുതലായി വീഴുന്നത്.
മൈതാനിയിൽ രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാമെന്ന് വി.ഡി. സതീശൻ എം.എൽ.എ ഉറപ്പ് നൽകിയിട്ടുണ്ട്. പൊട്ടിയ ടൈലുകൾ നീക്കി പുതിയത് സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൈതാനിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലുമായി നഗരസഭക്കുള്ള കരാർ മാർേച്ചാടെ അവസാനിച്ചു. കോവിഡ് സാഹചര്യത്തിൽ പുതുക്കാനായിട്ടില്ലെന്നും ചെയർമാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.