ചേ​ന്ദ​മം​ഗ​ലം കൈ​ത്ത​റി സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ നെ​യ്ത്തി​ൽ ഏ​ർ​പ്പെ​ട്ട തൊ​ഴി​ലാ​ളി

ചേന്ദമംഗലം കൈത്തറി ഇനി ഓൺലൈൻ

പറവൂർ: കൈത്തറി ഉൽപന്നങ്ങളുടെ കലവറയായ ചേന്ദമംഗലം കൈത്തറി വസ്ത്രങ്ങൾ ഓൺലൈൻ വിൽപനയിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. ഇതിനായുള്ള 'കോപ് ലൂം' വെബ്സൈറ്റ് സജ്ജമായി. ഏത് സംഘത്തിൽ നെയ്ത വസ്ത്രമാണെന്നും ആരാണ് നെയ്തതെന്നും അറിഞ്ഞ് ഓൺലൈനായി വാങ്ങാം. സർക്കിൾ സഹകരണ യൂനിയനും നബാർഡും ചേർന്ന് ചേന്ദമംഗലം കൈത്തറിക്കായി രൂപവത്കരിച്ച ചേന്ദമംഗലം ഹെറിറ്റേജ് ഓഫ് എക്സലൻസ് ഇൻ ലൂംസ് ആൻഡ് ആർട്ടിസാൻഷിപ് (ചേല) പദ്ധതിയിലാണ് വെബ്സൈറ്റ് തയാറാക്കിയത്.

ചേന്ദമംഗലം കൈത്തറി സഹകരണ സംഘങ്ങൾ ഉൾപ്പെടെ ജില്ലയിലെ 13 സംഘങ്ങളും വെബ്സൈറ്റിന്‍റെ ഭാഗമാണ്. ബാലരാമപുരം, കാസർകോട് സാരീസ് അടക്കം കേരളത്തിലെ എല്ലാ കൈത്തറി സംഘങ്ങളെയും വൈകാതെ ഉൾപ്പെടുത്തും. അതോടെ, എല്ലാ സംഘങ്ങളുടെയും ഉൽപന്നങ്ങൾ ഒരു പ്ലാറ്റ്ഫോമിൽ കാണാം. സംഘത്തിന്‍റെയും നെയ്യുന്ന ആളുടെയും വിവരങ്ങൾ ലഭ്യമാകുന്നതിലൂടെ യഥാർഥ കൈത്തറി ഉൽപന്നമാണെന്ന് ഉറപ്പാക്കി വാങ്ങാം. വെബ്സൈറ്റിന്‍റെ മൊബൈൽ ആപ്ലിക്കേഷൻ ഉടൻ പുറത്തിറക്കും.

ഓൺലൈൻ വിൽപനയിലൂടെ ലഭിക്കുന്ന വരുമാനം ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് സഹകരണ സംഘങ്ങളിൽ എത്തിക്കുകയാണ് മറ്റൊരു പ്രത്യേകത. നെയ്ത്തുകാർക്ക് കൂടുതൽ നേട്ടമുണ്ടാകുന്ന തരത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഓർഡർ ചെയ്താൽ ഏഴുദിവസത്തിനകം ഉപഭോക്താവിന് വസ്ത്രം ലഭിക്കും.

ചേന്ദമംഗലം കൈത്തറിയിലൂടെ പുത്തൻ ഡിസൈൻ വസ്ത്രങ്ങൾ വിപണിയിലെത്തിക്കുക എന്നതാണ് ചേലയുടെ അടുത്ത ലക്ഷ്യം. കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാവുന്ന വൈവിധ്യമാർന്ന വസ്ത്രങ്ങൾ ഒരുക്കാൻ ഫാഷൻ ഡിസൈനറുടെ സേവനം ലഭ്യമാക്കി.

ഉൽപാദനം വർധിപ്പിക്കുക, കൂടുതൽ ഉൽപന്നങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് വിൽക്കുക, തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തി യുവതീയുവാക്കളെ പരിശീലിപ്പിച്ച് മേഖലയിലേക്ക് കൊണ്ടുവരുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ഇതിനായി ചേല പദ്ധതിയുടെ ഭാഗമായി കൈത്തറി സംഘങ്ങളെ ഉൾപ്പെടുത്തി കൺസോർട്യം രൂപവത്കരിച്ചു. അഗാ നേച്ചറാണ് പദ്ധതിയുടെ ക്ലസ്റ്റർ മാനേജ്മെന്‍റ് ടെക്നിക്കൽ ഏജൻസിയായി പ്രവർത്തിക്കുന്നത്.

Tags:    
News Summary - Chendamangalam handloom is now online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.