പറവൂർ: ഏഴിക്കര പഞ്ചായത്തിലെ ലങ്ക പാലം നിർമാണം വർഷങ്ങളായി നീളുന്നതിനിടെ നിർമാണ സാമഗ്രികൾ സ്ഥലത്തുനിന്ന് കടത്തിക്കൊണ്ടു പോകാനുള്ള കരാറുകാരന്റെ നീക്കം നാട്ടുകാർ തടഞ്ഞു. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട11ാം വാർഡിലെ 23ഓളം കുടുംബങ്ങൾ യാത്രാദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. 11, 12 വാർഡുകളെ ബന്ധിപ്പിച്ച് ലങ്കയിലേക്ക് കടക്കാൻ നേരത്തേ ഉണ്ടായിരുന്ന വീതി കുറഞ്ഞ പാലം കാലപ്പഴക്കത്താൽ ശോച്യാവസ്ഥയിലായതിനെ തുടർന്നാണ് 2021ൽ പൊളിച്ചു നീക്കിയത്.
പുതിയ പാലത്തിന് ജൂണിൽ തറക്കല്ലിട്ടു. ആറു മാസം കൊണ്ട് നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് ഉദ്ഘാടന വേളയിൽ പ്രഖ്യാപനം ഉണ്ടായെങ്കിലും വർഷം രണ്ടുകഴിഞ്ഞിട്ടും നടപ്പായിട്ടില്ല. നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ഇപ്പോൾ പാതിവഴിയിൽ നിലച്ച മട്ടാണ്. ലങ്ക പ്രദേശത്ത് നിലവിലെ റോഡുമായി പാലം ബന്ധിപ്പിക്കാനായിരുന്നു തീരുമാനം.
നിർമാണത്തിലെ അശാസ്ത്രീയത മൂലം ഇത് നടക്കാൻ സാധ്യത കുറവാണ്. അപ്രോച് റോഡ് നിർമാണം എങ്ങുമെത്തിയിട്ടില്ല. വിദ്യാർഥികളും ജോലിക്ക് പോകുന്നവരും ഉൾപ്പെടെ കടുത്ത ദുരിതം നേരിടുകയാണ്. ഇതിനിടെ ശനിയാഴ്ച വൈകീട്ടോടെ നിർമാണം ഏറ്റെടുത്തിരിക്കുന്ന കരാറുകാരൻ സാമഗ്രികൾ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചത് നാട്ടുകാർ ചേർന്ന് തടഞ്ഞു. ഇതോടെ അയാൾ ശ്രമം ഉപേക്ഷിച്ചെങ്കിലും നിർമാണം തുടർന്ന് നടക്കുമോ എന്ന ആശങ്കയിലാണ് ലങ്ക നിവാസികൾ. നിർമാണ പ്രവർത്തനങ്ങൾ സ്തംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ലെന്നാണ് ലങ്ക നിവാസികളുടെ പരാതി. അതേ സമയം, കനത്ത മഴയെത്തുടർന്ന് സിമന്റ് ഉൾപ്പെടെ സാധനങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനാണ് ശ്രമിച്ചതെന്ന് കരാറുകാരൻ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.