പറവൂർ: ദേശീയ പാത നിർമാണത്തിന്റെ പേരിൽ അധികൃതർ ഒരുക്കിയ അപകടക്കെണിയിൽ നട്ടം തിരിഞ്ഞ് ചെറിയപ്പിള്ളി പ്രദേശവാസികൾ.ചെറിയപ്പിള്ളി-കോട്ടുവള്ളി പൊതുമരാമത്ത് റോഡിന് കുറുകെ പുതിയ പാത കടന്നുപോകുന്നിടത്താണ് അപകടക്കെണി. റോഡ് കുഴിച്ച് പൈലുകൾ സ്ഥാപിക്കുന്നതിനാൽ കല്ലും മണ്ണും നിരത്തി ഇവിടെ താൽക്കാലിക പാതയൊരുക്കിയിരിക്കുകയാണ്. മഴ ശക്തമായതോടെ കുണ്ടും കുഴിയും നിറഞ്ഞ ഈ പാതയിൽ ചളിയും വെള്ളവും പൈലിങ് അവശിഷ്ടങ്ങളും നിറഞ്ഞ് വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയിലാണ്.
കാൽനടക്കാരും ഇരുചക്ര വാഹന യാത്രികരും തെന്നി വീഴുന്നത് പതിവ് സംഭവമാണ്. കൈതാരം ഹയർസെക്കൻഡറി സ്കൂളിലേക്കുള്ള വിദ്യാർഥികളും പറവൂർ ബ്ലോക്ക് ഓഫിസ്, കോട്ടുവള്ളി വില്ലേജ് ഓഫിസ്, കൃഷിഭവൻ, മൃഗാശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലേക്കുമുള്ള റോഡാണിത്. രാത്രിയിൽ വെളിച്ചമില്ലാത്തതും അപകടങ്ങൾക്കിടയാക്കുന്നു. നിരവധി വാഹനങ്ങൾ രാത്രിയിൽ അപകടത്തിൽ പെടുന്നതായി നാട്ടുകാർ പറയുന്നു. അപായ സൂചനയോ വഴിവിളക്കോ സ്ഥാപിച്ചാൽ കുറച്ച് അപകടങ്ങളെങ്കിലും ഒഴിവാക്കാം. അധികൃതർ തിരിഞ്ഞു നോക്കാത്തതിനാൽ ആരോട് പരാതി പറയണമെന്നു പോലുമറിയാത്ത നിസ്സഹായവസ്ഥയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.