പറവൂർ: മന്ദം അത്താണിയിൽ നടന്ന വൻ രാസലഹരി വേട്ടയിൽ പൊലീസ് അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കും. കേരളത്തിൽ രാസലഹരി വിൽപന നടത്തുന്ന വൻകിട സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഡൽഹിയിൽനിന്നാണ് ഇവർ ലഹരിമരുന്നുകൾ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ടാണ് ഇവർ കോടികൾ വിലവരുന്ന എം.ഡി എം.എ എത്തിച്ചതെന്നാണ് സൂചന.
പ്രതികളിൽ ചിലർക്ക് സിനിമ മേഖലയുമായി ബന്ധമുള്ളതിനാൽ ആ വഴിക്കും അന്വേഷണം പുരോഗമിക്കുന്നുണ്ട്. എം.ഡി എം.എ പിടിച്ചെടുത്ത വീടും പരിസരവും തിങ്കളാഴ്ച രാവിലെ ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. റൂറൽ എസ്.പി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ നടന്ന പരിശോധനയിലാണ് 1.5 കോടി രൂപയിലേറെ വിലവരുന്ന 1.810 ഗ്രാം എം.ഡി എം.എ പിടിച്ചെടുത്തത്. കരുമാല്ലൂർ തട്ടാംപടി കണ്ണംകുളത്തിൽ വീട്ടിൽ നിഥിൻ (28), നീറിക്കോട് തേവാരപ്പിള്ളി നിഥിൻ (26), ഇവർക്ക് വീട് വാടകക്ക് എടുത്തുനൽകിയ പെരുവാരം ശരണം വീട്ടിൽ അമിത് കുമാർ (29) എന്നിവരാണ് പിടിയിലായത്.
പൊലീസിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട വാണിയക്കാട് സ്വദേശിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. നാലുമാസം മുമ്പാണ് സിനിമ മേഖലയിലുള്ളവർ എന്ന് പരിചയപ്പെടുത്തി ഇവർ വീട് വാടകക്ക് എടുത്തത്. പിടിയിലായ അമിത് കുമാർ ഒഴികെ മറ്റ് രണ്ടുപേരും വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കി മൂന്ന് പേരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.