പറവൂർ: ഓണക്കാലത്ത് ചെണ്ടുമല്ലിപ്പൂക്കൾക്കായി ഇനി മറുനാട്ടുകാരെ ആശ്രയിക്കേണ്ട. ചേന്ദമംഗലത്തുനിന്ന് കിട്ടും ആവശ്യംപോലെ ചെണ്ടുമല്ലി. ചേന്ദമംഗലം പഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ പുഷ്പകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ടി.ജി. അനൂപ് നിർവഹിച്ചു. തെക്കുമ്പുറം ചിറപ്പുറത്ത് ബൈജുവിെൻറ കൃഷിയിടത്തിലായിരുന്നു ഉദ്ഘാടനം.
പഞ്ചായത്തിലെ 18 വാർഡിലുമായി പതിനായിരത്തോളം തൈകളാണ് കൃഷിഭവൻ ഹരിത ഇക്കോ ഷോപ് വഴി നൽകിയത്. ജൈവവളവും സബ്സിഡി നിരക്കിൽ വിതരണം ചെയ്തു. പഞ്ചായത്തിെൻറ വിവിധ സ്ഥലങ്ങളിൽ ചെണ്ടുമല്ലിപ്പൂക്കൾ വിളവെടുക്കാൻ പാകമായിട്ടുണ്ട്.
പഞ്ചായത്തിലെ തരിശുകിടന്ന സ്ഥലങ്ങളിലും വീട്ടുമുറ്റത്തും ടെറസിലും ചെയ്ത കൃഷി വൻ വിജയമായി. ഓണക്കാലത്ത് ചേന്ദമംഗലം പഞ്ചായത്തിനു പുറമെ മറ്റു സ്ഥലങ്ങളിലേക്ക് കൂടി വിതരണം നടത്താൻവേണ്ട നാലു ടൺവരെ പൂക്കൾ പഞ്ചായത്തിൽ ഉൽപാദിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിത സ്റ്റാലിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ ബബിത ദിലീപ്, റിനു ഗിലീഷ്, രശ്മി അജിത്കുമാർ, കൃഷി ഓഫിസർ പി.സി. ആതിര , കൃഷി അസി. ഡയറക്ടർ പി.ജി. ജിഷ , കൃഷി അസിസ്റ്റൻറ് എ.ജെ.സിജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.