പറവൂർ: ഡിസംബർ ഏഴിന് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന നവകേരള സദസ്സിന്റെ പന്തൽ നിർമാണം ഭാഗികമായി പൂർത്തിയായി. ഗ്രൗണ്ടിൽ തെക്കുഭാഗത്തായാണ് 5000 പേർക്ക് ഇരിക്കാവുന്ന തരത്തിലുള്ള പന്തൽ.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ്സിന് സുഗമമായി കടന്നു വരാൻ ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ മതിൽ ഉൾപ്പടെ പൊളിച്ചു വഴിയൊരുക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടില്ല. ശതോത്തര ജൂബിലിയാഘോഷിക്കുന്ന സ്കൂളിന്റെ മതിൽ പൊളിക്കുന്നതിൽ എതിർപ്പ് രേഖപ്പെടുത്തി നഗരസഭ ചെയർപേഴ്സൻ ബീന ശശിധരൻ തഹസിൽദാർക്ക് കത്ത് നൽകിയതിനാൽ ധിറുതി പിടിച്ച് മതിൽ പൊളിക്കുമോയെന്ന് അറിവായിട്ടില്ല.
നഗരസഭക്ക് പുറമേ കോൺഗ്രസും യൂത്ത് കോൺഗ്രസും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. പടിഞ്ഞാറ് ഭാഗത്തെ മതിലിനോട് ചേർന്ന കുട്ടികളുടെ സൈക്കിൾ സ്റ്റാൻ്റ് പൊളിക്കാൻ നഗരസഭ സെക്രട്ടറി ഒരാഴ്ച മുമ്പ് ക്വട്ടേഷൻ ക്ഷണിച്ചിരുന്നു.
ആലുവ: മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ്സിന് ആലുവ ഒരുങ്ങുന്നു. ഡിസംബർ ഏഴിന് വൈകീട്ട് മൂന്നിന് ആലുവ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ തയാറാക്കുന്ന പ്രത്യേക വേദിയിലാണ് സദസ്സ്. പ്രചാരണത്തിന്റെ ഭാഗമായി വാഴക്കുളം ഹോളി ക്രസന്റ് കോളജ് ഓഫ് ആർക്കിടെക്ചറിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ആലുവ പമ്പ് കവലയിൽ ചിത്രമതിൽ ഒരുക്കി.
അങ്കമാലി: നവകേരള സദസ്സിന് അങ്കമാലി സെന്റ് ജോസഫ് ഹൈസ്കൂൾ മൈതാനത്ത് പന്തൽ നിർമാണം പുരോഗമിക്കുന്നു. 29,000 ചതുരശ്ര അടി പന്തലിൽ ഭിന്നശേഷിക്കാർക്ക് രണ്ടും മുതിർന്ന പൗരന്മാർക്ക് നാലും വനിതകൾക്ക് അഞ്ചും പൊതുവിഭാഗങ്ങൾക്ക് ഒമ്പതും കൗണ്ടറുണ്ടാകും. 5000 പേരെ പങ്കെടുപ്പിക്കാവുന്ന രീതിയിലാണ് സജ്ജീകരണങ്ങൾ. ഡിസംബർ ഏഴിന് വൈകീട്ട് മൂന്നിനാണ് സദസ്സ്.
കരുമാല്ലൂർ: നവകേരള സദസ്സിന്റെ ചെലവിലാക്കായി എൽ.ഡി.എഫ് ഭരിക്കുന്ന കരുമാല്ലൂർ പഞ്ചായത്ത് പണം നൽകേണ്ടന്ന് തീരുമാനിച്ചു. തനത് ഫണ്ടിൽനിന്ന് പണം നൽകണമെങ്കിൽ കമ്മിറ്റി കൂടി തീരുമാനിക്കണം. പ്ലാൻ ഫണ്ടിൽ 10,000 രൂപയിൽ അധികം ചെലവഴിക്കാൻ സർക്കാർ ഉത്തരവും പദ്ധതിയും വേണം.
എന്നാൽ, സർക്കാർ ഉത്തരവ് തനത് ഫണ്ട് കമ്മിറ്റി ചേർന്ന് അംഗീകരിച്ച് നൽകാനാണ്. എന്നാൽ, വ്യാഴാഴ്ച കൂടിയ ഭരണസമിതി യോഗത്തിൽ ചർച്ചകൾക്കും വാദ പ്രതിവാദങ്ങൾക്കും ഒടുവിൽ ഒമ്പതിനെതിരെ പതിനൊന്ന് അംഗങ്ങൾ പണം നൽകരുതെന്ന് അഭിപ്രായം രേഖപ്പെടുത്തി.
യു.ഡി.എഫ് അംഗങ്ങളായ എ.എം. അലി, വികസന സ്ഥിരം സമിതി അധ്യക്ഷ ബീന ബാബു, ടി.എ. മുജീബ്, ഇ.എം. അബ്ദുസ്സലാം, കെ.എ. ജോസഫ്, കെ.എം. ലൈജു, ജി.വി. പോൾസൺ, സൂസൻ വർഗീസ്, നദീറ ബീരാൻ, സ്വതന്ത്ര അംഗവും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ മുഹമ്മദ് മെഹബൂബ്, ബി.ജെ.പി അംഗം കെ. മോഹൻ കുമാർ എന്നിവർ പണം നൽകുന്നതിനെ എതിർത്ത് വോട്ടു ചെയ്തു.
വാർഡുകളിലെ വികസന പ്രവർത്തനങ്ങൾക്ക് പണമില്ല. സർക്കാർ നൽകുന്ന പദ്ധതി വിഹിതം വെട്ടിക്കുറച്ചു. കുടുംബശ്രീ വഴി വിതരണം ചെയ്യേണ്ട ആശ്രയ കുടുംബങ്ങൾക്ക് നൽകേണ്ട ആശ്രയ കിറ്റ് എട്ട് മാസമായി മുടങ്ങിയിരിക്കയാണ്.
നവകേരള സദസ്സിന്റെ പേരിൽ നടക്കുന്ന ധൂർത്തിന് നൽകാൻ പറയുന്ന അമ്പതിനായിരം രൂപ ഉണ്ടെങ്കിൽ മൂന്ന് മാസം ആശ്രയ കിറ്റ് നൽകാമെന്നും അംഗങ്ങൾ ചൂണ്ടികാട്ടി. ഭൂരിപക്ഷ തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറി പണം നൽകിയിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം സെക്രട്ടറിക്കാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ചൂർണിക്കര: നവകേരള സദസ്സിന് പഞ്ചായത്ത് ഫണ്ടിൽനിന്ന് തുക നൽകരുതെന്ന് ചൂർണിക്കര പഞ്ചായത്ത് കമ്മിറ്റി. തുക അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ ഭരണപക്ഷമായ കോൺഗ്രസ് അംഗങ്ങൾ നോട്ടീസ് നൽകിയിരുന്നു. ഇതേ തുടർന്നാണ് വ്യാഴാഴ്ച അടിയന്തര പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്നത്.
വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് ഷഫീഖ്, പി.എസ്. യൂസഫ് എന്നിവരാണ് കമ്മിറ്റി യോഗത്തിൽ ചർച്ചക്ക് തുടക്കം കുറിച്ചത്. ക്ഷേമ പെൻഷനുകൾ മുടങ്ങിക്കിടക്കുകയാണെന്ന് അവർ ആരോപിച്ചു. വിദ്യാർഥികൾക്കുള്ള ഉച്ചക്കഞ്ഞിക്ക് വകയില്ലാത്ത അവസ്ഥയാണ്.
വിലക്കയറ്റവും വൈദ്യുതിക്കും കുടിവെള്ളത്തിനും ചാർജ് വർധനവ് തുടങ്ങിയവ മൂലം ജനം പൊറുതിമുട്ടിയിരിക്കുന്നു. ഇതിനിടയിലും മുഖ്യമന്ത്രിയും മന്ത്രിമാരും ധൂർത്തടിക്കുകയാണെന്നും കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു. ഈ സാഹചര്യത്തിൽ നവകേരള സദസ്സിന് തുക അനുവദിക്കരുതെന്ന് അവർ ആവശ്യപ്പെട്ടു.
ഭൂരിപക്ഷ തിരുമാനത്തിന് എതിരായി സെക്രട്ടറി തുക അനുവദിച്ചാൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് കോൺഗ്രസ് അംഗങ്ങൾ മുന്നറിയിപ്പ് നൽകി. തുക അനുവദിക്കരുതെന്ന് ഹാജരായ 17 അംഗങ്ങളിൽ 12 അംഗങ്ങളും ആവശ്യപ്പെട്ടു. ഇടതുപക്ഷത്തെ അഞ്ച് അംഗങ്ങൾ പ്രതിഷേധിച്ച് ഇറങ്ങി പോയി. കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് രാജി സന്തോഷ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.