പറവൂർ: ആധുനിക രീതിയിൽ നിർമിച്ച പറവൂരിലെ പുതിയ സർക്കാർ വിശ്രമ മന്ദിരത്തിെൻറ പ്രവർത്തനം ആരംഭിച്ചെങ്കിലും അസൗകര്യങ്ങളുടെ പരിമിതി. ഉദ്ഘാടനം കഴിഞ്ഞ് 13 മാസങ്ങൾക്ക് ശേഷമാണ് വിശ്രമ മന്ദിരം പ്രവർത്തനമാരംഭിച്ചത്. പുതിയ റെസ്റ്റ് ഹൗസിലേക്ക് മാനേജർ അടക്കമുള്ള ജീവനക്കാരെ നിയമിക്കാത്തതും കാൻറീൻ സൗകര്യമില്ലാത്തതും കാരണം കാഴ്ച വസ്തുവായി മാറി ഈ മന്ദിരം. താമസിക്കുന്നവർക്കും പുറമേ നിന്നുള്ളവർക്കും ഭക്ഷണ സൗകര്യവുമില്ല. മുറിയെടുത്ത് താമസിക്കാം എന്നതിൽ കവിഞ്ഞ് മറ്റ് സൗകര്യങ്ങളെന്നും പൊതുമരാമത്ത് വകുപ്പ് ഏർപ്പെടുത്തിയിട്ടില്ല.
പൊതുമരാമത്ത് റെസ്റ്റ് ഹൗസുകൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിെൻറ അറിയിപ്പിെൻറ ഭാഗമായാണ് മാസങ്ങളായി അടഞ്ഞു കിടന്ന പറവൂർ റസ്റ്റ് ഹൗസ് തുറന്നത്. മുറികൾ ബുക്ക് ചെയ്യാൻ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ആയില്ല. പറവൂർ റെസ്റ്റ് ഹൗസ് എ ഗ്രേഡായി ഉയർത്തപ്പെട്ടെങ്കിലും അതിന് അനുസൃതമായി മാനേജരെയും പത്തോളം ജീവനക്കാരെയും നിയമിക്കുന്നതിൽ വകുപ്പ് വീഴ്ച വരുത്തി. പഴയ റെസ്റ്റ് ഹൗസിലെ രണ്ട് ജീവനക്കാരെ വെച്ചാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. നഗരത്തിലെ ഹോട്ടലുകളും ലോഡ്ജുകളും മുറിക്ക് 800 രൂപ ഈടാക്കുമ്പോൾ ഇവിടെ 400 രൂപയാണ് നിരക്ക്.
ഏഴര കോടിയോളം രൂപ ചെലവഴിച്ച് മൂന്നുനിലകളിൽ 14,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച റെസ്റ്റ് ഹൗസ് കഴിഞ്ഞ വർഷം ഒക്ടോബർ 6ന് അന്നത്തെ മന്ത്രി ജി. സുധാകരനാണ് ഉദ്ഘാടനം ചെയ്തത്. ശീതികരിച്ച മുറികളും 400 പേർക്ക് ഇരിക്കാവുന്ന സ്റ്റേജോടുകൂടിയ ശീതികരിച്ച ഹാളും വിശാല ഭക്ഷണ ശാലയുമുള്ള റെസ്റ്റ് ഹൗസ് സമ്മേളനങ്ങൾക്കും വിവാഹ ആവശ്യങ്ങൾക്കും കുറഞ്ഞ വാടകക്ക് നൽകാനാകും. ജീവനക്കാരെ നിയമിച്ച് അധികൃതർ അതിന് തയാറാകണമെന്ന് മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.