പറവൂർ: നിയമലംഘനം നടത്തിയ 11 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. ചില സ്ഥാപനങ്ങളിൽ അളവുതൂക്ക ഉപകരണങ്ങൾ സീൽ ചെയ്യാത്ത നിലയിലായിരുന്നു. ഫുഡ് സേഫ്റ്റി ലൈസൻസ് ഹാജരാക്കാത്തവർ, പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളുടെ ലേബൽ വിവരങ്ങൾ പൂർണമല്ലാത്തവർ എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്.
ഭക്ഷ്യവസ്തുക്കളുടെ അമിതവില നിയന്ത്രിക്കാനും അളവുതൂക്കം, ശുചിത്വം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് നഗരത്തിലും പെരുമ്പടന്ന, മന്നം, മനയ്ക്കപ്പടി, തട്ടാംപടി, മാളികംപീടിക എന്നിവിടങ്ങളിലുമായി മത്സ്യം, മാംസം, പഴം പച്ചക്കറി സ്റ്റാളുകൾ, ഹോട്ടലുകൾ ഉൾപ്പെടെ 26 കടകളിൽ സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഫുഡ് സേഫ്റ്റി, നഗരസഭ ആരോഗ്യവിഭാഗം എന്നിവ ഉൾപ്പെട്ട സ്ക്വാഡ് പരിശോധന നടത്തിയത്.
നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കണ്ടെത്തിയ പച്ചക്കറി സ്ഥാപനത്തിന് നോട്ടീസ് നൽകി. ലൈസൻസുകൾ സ്ഥാപനങ്ങളിൽ സൂക്ഷിക്കാത്തവരോട് നഗരസഭയിൽ ഹാജരാക്കാൻ നിർദേശിച്ചു. വില വിവരപ്പട്ടിക കൃത്യമായി പ്രദർശിപ്പിക്കാത്ത ഇറച്ചിക്കടകളുടെ വിവരം തുടർനടപടിക്കായി ജില്ല നേതൃത്വത്തിന് റിപ്പോർട്ട് നൽകി.
താലൂക്ക് സപ്ലൈ ഓഫിസർ ടി. ശോഭ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ടി.എസ്. ഹണി, ഫുഡ് സേഫ്റ്റി ഇൻസ്പെക്ടർ സിന്ധ്യ ജോസ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ അനൂപ് കുമാർ, ജയശ്രീ, റേഷനിങ് ഇൻസ്പെക്ടർമാരായ എം.ടി. സുഭാഷ്, ജസ് ബാബു, എൻ.വി. വിപിൻരാജ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.