പറവൂർ: ബി.ജെ.പി ജില്ല നേതൃത്വത്തിന്റെ ഏകാധിപത്യ പ്രവർത്തനങ്ങളിലും വിഭാഗീയതയിലും പ്രതിഷേധിച്ച് പാർട്ടി മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ രാജിവെച്ചു. നിയോജകമണ്ഡലം പ്രസിഡന്റും നഗരസഭ കൗൺസിലറുമായ രഞ്ജിത് മോഹൻ ഉൾപ്പെടെ നിരവധി പേർ രാജിവെച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സിന്ധു നാരായണൻകുട്ടി, വൈസ് പ്രസിഡന്റുമാരായ പി.ആർ. മുരളി, സുധ ചന്ദ്, സെക്രട്ടറി ഇ.ഡി. രാജേഷ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അജിൽ വരിക്കാശ്ശേരി എന്നിവരാണ് രാജിവെച്ച നേതാക്കൾ.
മണ്ഡലം കമ്മിറ്റിക്ക് കീഴിലെ കോട്ടുവള്ളി വെസ്റ്റ്, ഏഴിക്കര പഞ്ചായത്ത് കമ്മിറ്റികളും പറവൂർ ടൗൺ മുനിസിപ്പൽ കമ്മിറ്റിയും രാജിവെച്ചു. നേതൃത്വത്തിന്റെ തെറ്റായ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് മിനി മോഹൻ നേരത്തേ രാജിവെച്ചിരുന്നു. അഡ്വ. കെ.എസ്. ഷൈജു ജില്ല പ്രസിഡന്റായി ചുമതലയേറ്റ അന്നുമുതൽ പുകഞ്ഞു തുടങ്ങിയ പ്രശ്നങ്ങളാണ് ഇപ്പോൾ പുറത്തായത്.
വിഭാഗീയമായി പ്രവർത്തിക്കുകയും സ്വന്തം ഗ്രൂപ്പിൽ ഉള്ളവരെ മാത്രം ഭാരവാഹികളായി പരിഗണിക്കാൻ ജില്ല പ്രസിഡന്റിൽ സമ്മർദം ചെലുത്തുകയും ചെയ്യുന്നു എന്നതാണ് പ്രധാന ആക്ഷേപം. മണ്ഡലം ജനറൽ സെക്രട്ടറിയുടെ ഒഴിവിലേക്ക് ജില്ല കമ്മിറ്റി പറയുന്ന ആളെ വെക്കണമെന്ന് നിർബന്ധം പിടിച്ചതായും ജില്ല കമ്മിറ്റിയുലാണ്ടായ ഒഴിവിലേക്ക് മണ്ഡലം കമ്മിറ്റിയെ അറിയിക്കാതെ ഇഷ്ടക്കാരെ തിരുകിക്കയറ്റിയതായും പോഷക സംഘടനകളുടെ പ്രവർത്തനം നിർജീവമാക്കിയതായും രാജിവെച്ചവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.