പറവൂർ: പുതുതായി നിർമിക്കുന്ന ദേശീയ പാത 66ൽ പറവൂർ പുഴക്ക് കുറുകെ നിർമിക്കുന്ന പാലത്തിന് ആവശ്യമായ ഉയരമില്ലാത്തതിനെതിരെ പ്രതിഷേധം. ചിറ്റാറ്റുകര-പറവൂർ കരകളെ ബന്ധിപ്പിക്കുന്നതാണ് പാലം. ഗർഡറുകൾ സ്ഥാപിച്ചതോടെയാണ് നിലവിലെ പറവൂർ പാലത്തേക്കാൾ പുതിയ പാലത്തിന് ഉയരം കുറവാണെന്നത് ശ്രദ്ധയിൽപെട്ടത്. ഇതു സംബന്ധിച്ച് ജോലിക്കാരോട് ചോദിച്ചപ്പോൾ പരാതിയുണ്ടെങ്കിൽ മേലുദ്യോഗസ്ഥരോട് പറയാനായിരുന്നു മറുപടി.
പാലത്തിന് ഉയരം കുറവായതിനാൽ മുസ്രിസ് ബോട്ട് സർവിസുകൾ നടത്താൻ കഴിയില്ലെന്നതാണ് പ്രധാന തടസ്സം. പറവൂരിൽ നിന്നുള്ള ബോട്ട് സർവിസ് നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്. ചേന്ദമംഗലം പാല്യം ജെട്ടിയിൽനിന്നാണ് പറവൂർ ഭാഗത്തെ ബോട്ട് സർവിസുകൾ പ്രവർത്തിക്കുന്നത്. പറവൂരിന്റെ ടൂറിസം വികസനത്തിലെ പ്രധാന ഘടകമായ മുസ്രിസ് ബോട്ട് സർവിസ് തടസ്സങ്ങളില്ലാതെ നടത്താൻ കഴിയുന്ന ഉയരത്തിൽ പാലം നിർമിക്കണമെന്ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ. അബ്ദുല്ല പൊതുമരാമത്ത് മന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈബി ഈഡൻ എം.പി എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.