പറവൂർ: ദേശീയ പാത 66ന്റെ നിർമാണത്തിൽ വ്യാപകമായ അപാകതകൾക്കെതിര പ്രതിഷേധവുമായി മുസ്ലിം ലീഗ് രംഗത്ത്. ജനങ്ങളുടെ ആശങ്ക അകറ്റാൻ ഇടപെടണമെന്ന് മുസ് ലിം ലീഗ് പറവൂർ നിയോജകമണ്ഡലം കമ്മിറ്റി കേന്ദ്ര-സംസ്ഥാന സർക്കാറുകളോടാവശ്യപ്പെട്ടു. കൂടിയാലോചനകളില്ലാതെയുള്ള ഏകപക്ഷീയ നിർമാണ പ്രവർത്തനങ്ങളിൽ പ്രാദേശിക തലത്തിൽ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. മൂത്തകുന്നം - കോട്ടപ്പുറം പാലത്തിന് സമാന്തരമായി നിർമിക്കുന്ന പാലം നിർമാണം സംബന്ധിച്ച് പുറത്തുവന്നിട്ടുള്ള വിവരങ്ങളാണിപ്പോൾ ജനങ്ങളിൽ ആശങ്കയുയർത്തുന്നത്.
പാലത്തിന്റെ തൂണുകളുടെ കമ്പികളെല്ലാം പുറത്തു കാണാവുന്ന നിലയിലാണ്. മാത്രമല്ല വിരൽ കൊണ്ട് തോണ്ടിയാൽ പോലും കോൺക്രീറ്റ് മിശ്രിതം ഇളകിപ്പോരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഉപ്പുവെള്ളത്തിൽ ഈ കമ്പികളുടെ ആയുസെത്ര എന്ന ചോദ്യമുയരുന്നു. കമ്പികൾ ഉപ്പുവെള്ളവുമായി സമ്പർക്കമുണ്ടാകാത്ത രീതിയിൽ പ്ലാസ്റ്റർ ചെയ്യേണ്ടതാണ്.
ദേശീയപാത ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് നിരുത്തരവാദപരമായ നിർമാണത്തിന് കാരണം. രാത്രികാലങ്ങളിലാണ് കോൺക്രീറ്റിങ്ങും മറ്റും നടക്കുന്നത്. അപ്പോൾ ഉദ്യോഗസ്ഥ സാന്നിദ്ധ്യം തീരെ ഉണ്ടാകാറില്ല. നിർമാണ പിഴവുകൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി, നാഷണൽ ഹൈവേ ചീഫ് എൻജിനീയർ, മുഖ്യമന്ത്രി, കേരള പൊതുമരാമത്ത് മന്ത്രി, പ്രതിപക്ഷ നേതാവ്, എം.പി എന്നിവർക്ക് നിവേദനം നൽകിയതായി ലീഗ് പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ. അബ്ദുൽകരിം, ജനറൽ സെക്രട്ടറി കെ.കെ. അബ്ദുള്ള എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.