പറവൂർ: ദേശീയപാത 66 വികസനഭാഗമായി ഇടപ്പള്ളി - കോട്ടപ്പുറം ഭാഗത്ത് പാലങ്ങളുടെ നിർമാണം തുടങ്ങി. കോട്ടപ്പുറം - മൂത്തകുന്നം പാലത്തിന്റെ പൈലിങ് പ്രവർത്തനങ്ങളും വള്ളുവള്ളി, തെക്കേ നാലുവഴി എന്നിവിടങ്ങളിൽ നിർമിക്കുന്ന മേൽപാലങ്ങളുടെ തൂണുകളും ഉയർന്നു. കോട്ടപ്പുറത്തുനിന്ന് വലിയപണിക്കൻതുരുത്തിലേക്കും അവിടെനിന്ന് മൂത്തകുന്നത്തേക്കും രണ്ട് പാലങ്ങളുണ്ടാകും. കോട്ടപ്പുറം - വലിയപണിക്കൻതുരുത്ത് പാലത്തിന് 290 മീറ്ററും വലിയപണിക്കൻതുരുത്ത് - മൂത്തകുന്നം പാലത്തിന് 354 മീറ്ററുമാണ് നീളം.
രണ്ടിടത്തും പാലത്തിന് 16 മീറ്റർ വീതിയും അപ്രോച് റോഡിന് 25 മീറ്റർ നീളവുമുണ്ടാകും. ഓരോ പാലത്തിലും മൂന്നുവരി ട്രാഫിക് ഉണ്ടാകും. കൊടുങ്ങല്ലൂരിൽനിന്ന് മൂത്തകുന്നം ഭാഗത്തേക്ക് വരുമ്പോൾ നിലവിലെ പാലങ്ങളുടെ വലതുഭാഗത്താണ് പാലം വരുക. സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള തൂണുകളും പാലങ്ങളിൽ നിർമിക്കും. പാലത്തിന്റെ തൂണുകൾ കരയിൽെവച്ച് നിർമിച്ചശേഷം വെള്ളത്തിൽ ഉറപ്പിക്കും. ക്രെയിനും മറ്റ് സാമഗ്രികളും പുഴയിലൂടെ കൊണ്ടുപോകാൻ ഇരുമ്പു പൈപ്പുകൾ ഘടിപ്പിച്ച ബാർജുകൾ സജ്ജമാക്കിയിട്ടുണ്ട്.
ദേശീയപാത 66 നിർമാണം പ്രതിസന്ധിയിലാക്കുന്ന കരിങ്കൽ ക്ഷാമത്തിന് പരിഹാരമായില്ല. കരിങ്കല്ല് എടുക്കാൻ ക്വാറി ലഭിക്കാത്തത് നിർമാണ പ്രവർത്തനങ്ങളെ ബാധിക്കും. കരാറെടുത്ത ഓറിയന്റൽ സ്ട്രക്ചറൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ചാലക്കുടിയിലെ ക്വാറിക്ക് അപേക്ഷ നൽകിയെങ്കിലും ലഭ്യമായിട്ടില്ല.
വലിയ പദ്ധതിയായതിനാൽ ക്വാറിയിൽനിന്നേ കരിങ്കല്ല് എടുക്കാനാകൂ. മറ്റ് കേന്ദ്രങ്ങളിൽനിന്ന് ആവശ്യത്തിന് ലഭിക്കില്ല. ഇടപ്പള്ളി മുതൽ കോട്ടപ്പുറം വരെ ഭാഗത്ത് 10 സൈറ്റുകളിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മിക്ക സ്ഥലങ്ങളിലും പൈലിങ്, ഡ്രെയിനേജ് വർക്കുകളാണ് നടക്കുന്നത്. ഇടക്ക് നിർത്തിവെച്ച ഇടപ്പള്ളി റെയിൽവേ മേൽപാലം നിർമാണവും പുനരാരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.