ദേശീയപാത സ്ഥലമെടുപ്പ്: നഷ്ടപരിഹാരം എന്ന് കിട്ടുമെന്ന ആശങ്കയിൽ ഭൂവുടമകൾ

പറവൂർ: ദേശീയപാത 66ൽ മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ ഭാഗത്ത് പാത വികസനത്തിന് ഏറ്റെടുക്കുന്ന സ്ഥലം ഉടമകൾ ബന്ധപ്പെട്ട രേഖകൾ മാസങ്ങൾക്കുമുമ്പേ നൽകിയിട്ടും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. ഇതിനിടെ നഷ്ടപരിഹാരം നൽകുന്നതിന് ദേശീയപാത അതോറിറ്റി കോമ്പറ്റിറ്റിവ് അതോറിറ്റിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്ന തുകയിൽനിന്ന് 1000 കോടി പിൻവലിച്ചത് ഭൂവുടമകളെ കൂടുതൽ ആശങ്കയിലാക്കി.

എറണാകുളം ജില്ലയിലേക്ക് അനുവദിച്ച തുകയാണ് കൂടുതലും പിൻവലിച്ചത്. സാമ്പത്തിക വർഷം അവസാനിച്ച മാർച്ച് 31നാണ് തുക പിൻവലിച്ചിരിക്കുന്നത്. നിശ്ചിത സമയത്തിനകം ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകുന്നതിൽ വന്ന വൻവീഴ്ചയാണ് തുക പിൻവലിക്കാനും പുതിയ പ്രതിസന്ധി സൃഷ്ടിക്കാനും ഇടയാക്കിയത്. എറണാകുളം എൻ.എച്ച്.എ.ഐ പ്രോജക്ട് ഓഫിസിന് കീഴിലെ എറണാകുളം, മലപ്പുറം ജില്ലകളിലാണ് നഷ്ടപരിഹാര വിതരണത്തിൽ കൂടുതൽ കാലതാമസമുണ്ടായതും.

നഷ്ടപരിഹാരം നൽകാൻ മുൻകൂർ അനുവദിച്ച പണം അക്കൗണ്ടിൽ ഉപയോഗപ്പെടുത്താതെ കിടക്കുന്നത് മറ്റ് ആവശ്യങ്ങൾക്ക് തൽക്കാലം വകമാറ്റിയെന്നാണ് എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ പറയുന്നത്. മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ 24 കി.മീറ്ററിൽ നിലവിലെ 30 മീറ്റർ പാതയാണ് 45 മീറ്ററായി വികസിപ്പിക്കുന്നത്. ഇതിന് എട്ട് വില്ലേജിലായി 31 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. നഷ്ടപരിഹാരമായി നൽകേണ്ട 1114 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. ഭൂവുടമകളിൽ നാല് മാസം മുമ്പ് ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചവർക്കുപോലും ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ല.

ഒരുവിഭാഗം ഭൂവുടമകൾ രേഖകൾ നൽകാതെ മാറിനിൽക്കുന്നുണ്ട്. അവരുടെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ച് ഭൂമി ഏറ്റെടുക്കുമെന്ന മുന്നറിയിപ്പ് നടപ്പായില്ല. ഏപ്രിൽ 10നകം ഭൂമി ഏറ്റെടുത്ത് ദേശീയപാത അധികൃതർക്ക് കൈമാറുമെന്ന കലക്ടറുടെ അറിയിപ്പും ഫലം കണ്ടില്ല. രേഖകൾ ഹാജരാക്കിയ മുഴുവൻ ഭൂവുടമകൾക്കും ഈ മാസം 15നകം നഷ്ടപരിഹാരം കൊടുക്കുമെന്നാണ് ഭൂമി ഏറ്റെടുക്കൽ ഡെപ്യൂട്ടി കലക്ടർ കഴിഞ്ഞ ദിവസം പറഞ്ഞത്. പുതിയ സാഹചര്യത്തിൽ തുക എങ്ങനെ വിതരണം ചെയ്യുമെന്ന് കണ്ടറിയണം. ഏറ്റെടുക്കേണ്ട 31 ഹെക്ടറിൽ 19.408 ഹെക്ടർ മാത്രമേ ഇതിനകം ഏറ്റെടുക്കാനായുള്ളു.

അനുവദിച്ച 1114 കോടിയിൽ 510 കോടിയോളം രൂപ വിതരണം ചെയ്തിട്ടുണ്ട്. മൂന്ന് വർഷത്തിലധികമായി പറവൂരിൽ സ്ഥലമെടുപ്പ് ഡെപ്യൂട്ടി കലക്ടറുടെ ഓഫിസ് പ്രവർത്തനമാരംഭിച്ചിട്ട്.

Tags:    
News Summary - National Highway Land Acquisition: Landlords worried about compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.