പറവൂർ: നവകേരള സദസ്സിന് ഫണ്ട് നൽകിയും റദ്ദാക്കലും കൊണ്ട് വിവാദമായ പറവൂരിൽ വേദിയുടെയും മറ്റും നിർമാണങ്ങളുമായി അധികൃതർ രംഗത്തെത്തി. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് സുഗമമായി കടന്നുവരുന്നതിന് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ ഉൾെപ്പടെ പൊളിച്ച് വഴിയൊരുക്കുന്നതിനുള്ള നടപടികൾ ശനിയാഴ്ച ആരംഭിച്ചേക്കും.
ഇതോടൊപ്പം വേദി നിർമാണവും മറ്റ് ക്രമീകരണ പ്രവർത്തനങ്ങളും അന്നുതന്നെ തുടങ്ങുമെന്നാണ് വിവരം. ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് ഡിസംബർ ഏഴിന് വൈകീട്ട് പരിപാടി. 15,000 പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ നേരത്തേ അറിയിച്ചിരുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനം ഗ്രൗണ്ടിലേക്ക് കടക്കാൻ സ്കൂൾ പടിഞ്ഞാറുഭാഗത്തെ മതിൽ അഞ്ച് മീറ്റർ നീളത്തിൽ പൊളിച്ചുമാറ്റും. പടർന്ന് പന്തലിച്ച് തണൽ നൽകുന്ന പുളിമരത്തിന്റെ പകുതിയിലേറെ വെട്ടിമാറ്റേണ്ടി വരും. അതോടൊപ്പം പാലമരം, ആര്യവേപ്പ്, മാവ്, രണ്ട് പാഴ്മരങ്ങൾ എന്നിവ വെട്ടി നീക്കും. പുളിമരത്തിന് ചുറ്റും കെട്ടിയിട്ടുള്ള തറ പൊളിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
പടിഞ്ഞാറുഭാഗത്തെ മതിലിനോട് ചേർന്ന കുട്ടികളുടെ സൈക്കിൾ സ്റ്റാന്ഡ് പൊളിക്കാൻ നഗരസഭ സെക്രട്ടറി ഒരാഴ്ച മുമ്പ് ക്വട്ടേഷൻ ക്ഷണിച്ചിരുന്നു. വിശാലമായ സ്റ്റേജിന് പുറമെ കുടിവെള്ള വിതരണം, വൈദ്യസഹായം, ടോയ്ലറ്റ് സംവിധാനം എന്നിവയും ഒരുക്കുന്നുണ്ട്. തിങ്കളാഴ്ച മുതൽ സ്കൂളിന് അവധി നൽകുന്ന കാര്യം പരിഗണനയിലുണ്ടത്രെ. ഹൈസ്കൂൾ നിലനിർത്തി ഹയർ സെക്കൻഡറിക്ക് ഒഴിവ് നൽകുന്നതും പരിശോധിക്കുന്നു.
ക്രമീകരണങ്ങൾക്ക് അന്തിമരൂപം നൽകാൻ തിങ്കളാഴ്ച കലക്ടർ എൻ.എസ്.കെ ഉമേഷ് സ്കൂളിൽ എത്തിയിരുന്നു. പരിപാടിയുടെ നോഡൽ ഓഫിസർ ടോമി സെബാസ്റ്റ്യൻ, തഹസിൽദാർ പി.എസ്. ജയശ്രീ, സ്കൂൾ അധികൃതർ എന്നിവരുമായി കലക്ടർ ചർച്ച നടത്തി.
അതേസമയം, ശതോത്തര ജൂബിലി ആഘോഷിക്കുന്ന സ്കൂളിന്റെ മതിൽ പൊളിക്കുന്നതിൽ എതിർപ്പ് രേഖപ്പെടുത്തി നഗരസഭ ചെയർപേഴ്സൻ ബീന ശശിധരൻ തഹസിൽദാർക്ക് കത്ത് നൽകിയിട്ടുണ്ട്. നഗരസഭ കൗൺസിൽ അനുമതിയോടെയേ മതിൽ പൊളിക്കാവൂ എന്നാണ് കത്തിലെ സൂചന.
ഇക്കാര്യത്തിൽ ഒരു പ്രതികരണവും ഔദ്യോഗികമായി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശനിയാഴ്ച മതിൽ പൊളിക്കുന്നതിനുള്ള നീക്കമെന്ന് അറിയുന്നു. രാഷ്ട്രപതിയായിരിക്കെ എ.പി.ജെ അബ്ദുൽ കലാം സ്കൂൾ ഗ്രൗണ്ടിൽ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രളയകാലത്ത് ഹെലികോപ്ടറിൽ പറവൂരിൽ ഇറങ്ങിയതും ഇതേ സ്കൂൾ ഗ്രൗണ്ടിലാണ്.
അന്നൊന്നും ഇല്ലാത്തവിധം മതിൽ പൊളിച്ച് വാഹനം കയറ്റുന്നതിനെ അംഗീകരിക്കാത്തവർ നിരവധിയാണ്. സ്കൂളിന് അവധി പ്രഖ്യാപിക്കുമെന്നതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം, സ്കൂൾ ഗ്രൗണ്ടിൽ കാടുകയറിയ സ്ഥലങ്ങൾ കഴിഞ്ഞ ദിവസം മുനിസിപ്പൽ കണ്ടിൻജൻസി ജീവനക്കാരുടെ നേതൃത്വത്തിൽ വൃത്തിയാക്കിയിരുന്നു.
പറവൂർ: നവകേരള സദസ്സിന് പണം അനുവദിച്ച സംഭവത്തിൽ പറവൂർ നഗരസഭ സെക്രട്ടറി ജോ ഡേവിസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. കൗൺസിൽ തീരുമാനം ലംഘിച്ചെന്ന് ആരോപിച്ചാണ് ബുധനാഴ്ച രാവിലെ ചെയർപേഴ്സൻ ബീന ശശിധരൻ സെക്രട്ടറിക്ക് നോട്ടീസ് നൽകിയത്.
ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം. കൗൺസിൽ തീരുമാനമില്ലെങ്കിലും നവകേരള സദസ്സിന് തുക അനുവദിക്കാൻ സെക്രട്ടറിക്ക് അധികാരമുണ്ടെന്ന് കാട്ടിയുള്ള സർക്കാർ ഉത്തരവിനെതിരെ നഗരസഭ ഭരണനേതൃത്വം ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് കോടതി പരിഗണിക്കാനിരിക്കേയാണ് തിരിച്ചടി ഭയന്ന് സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ആറുമാസം മുമ്പാണ് കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് നേടി ജോ ഡേവിസ് പറവൂർ നഗരസഭയിൽ ചുമതലയിലെത്തുന്നത്.
തുക അനുവദിക്കാൻ കോൺഗ്രസിന് ഭൂരിപക്ഷമുള്ള കൗൺസിൽ യോഗമാണ് ഐകകണ്ഠ്യേന ആദ്യം തീരുമാനമെടുത്തത്. യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നവകേരള സദസ്സിന് തുക നൽകരുതെന്ന കെ.പി.സി.സി തീരുമാനം പറവൂരിൽ അട്ടിമറിക്കപ്പെട്ടത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മണ്ഡലത്തിലായതിനാൽ വിവാദമായിരുന്നു.
തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച പ്രത്യേക കൗൺസിൽ വിളിച്ചുചേർത്ത് തീരുമാനം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ഭരണനേതൃത്വം ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.