പറവൂർ: ദേശീയപാത വികസനത്തിനായി മൂത്തകുന്നം മുതൽ ഇടപ്പളളിവരെ ഭൂമി വിട്ടു നൽകുന്നവർ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയിട്ടും നഷ്ടപരിഹാര തുക യഥാസമയം നൽകാതെ വട്ടം കറക്കുന്നതായി പരാതി. കലക്ടർ ഇടപെട്ട് നഷ്ടപരിഹാര തുക വിതരണം ത്വരിതപ്പെടുത്താൻ നിർദേശം നൽകിയെങ്കിലും ഉദ്യോഗസ്ഥ മേധാവികൾ അട്ടിമറിച്ചു. മേയ് 31നകം നഷ്ടപരിഹാരം പൂർണമായും വിതരണം ചെയ്യുമെന്ന കലക്ടറുടെ അറിയിപ്പ് നടപ്പായില്ല. തുക കൈപ്പറ്റാത്തവരുടെ നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി ഭൂമി ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറാനുള്ള നടപടിയും സ്തംഭനത്തിലായി.
മാസങ്ങൾക്ക് മുമ്പേ രേഖകൾ കൈമാറി നഷ്ടപരിഹാര തുക കിട്ടുമെന്ന വിശ്വാസത്തിൽ ഭൂമിയും കെട്ടിടവും വാങ്ങാൻ മുൻകൂർ തുക നൽകിയവരാണ് ഇപ്പോൾ കഷ്ടത്തിലായിരിക്കുന്നത്. ഭൂമിക്ക് വില തിട്ടപ്പെടുത്തിയെങ്കിലും കെട്ടിടത്തിന് വില നിർണയിക്കാത്തത് ഉടമകളെ വലക്കുന്നു. ആർബിറ്റേഷൻ കോടതിയിൽ പരാതി നൽകി വേണം ഇക്കാര്യത്തിൽ അന്തിമ തീർപ്പുണ്ടാകാൻ. ഇത് ഭൂഉടമകൾക്ക് സാമ്പത്തിക ബാധ്യതയാകും. വിട്ടുകൊടുക്കുന്ന വീട്ടിൽ രണ്ട് മാസം താമസിക്കാൻ അനുവദിക്കണമെന്ന പുനരധിവാസ കമ്മിറ്റിയുടെ നിർദേശത്തിന് ഉദ്യോഗസ്ഥർ എതിരാണ്. വീട് പൂട്ടി താക്കോൽ നൽകാതെ പണം തരില്ലെന്ന് ശഠിക്കുന്നു. പ്രായമായവരെയും പെൺകുട്ടികളെയും കൊണ്ട് തെരുവിലിറങ്ങേണ്ട ഗതികേടിലാണ് ഭൂഉടമകൾ. പരാതി പറയാൻ എത്തിയാൽ സ്ഥലമെടുപ്പ് മുഖ്യ ഉദ്യോഗസ്ഥൻ കാണാൻ കൂട്ടാക്കുന്നില്ല. രാവിലെ ഓഫിസിൽ എത്തിയാലും വൈകീട്ട് നാലിന് ശേഷമാണ് കാണാൻ അനുവാദമുള്ളു. ഓഫിസിൽ പൊലീസിനെ നിയോഗിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള ഭൂഉടമകളെ തടയുന്നതായും പറയുന്നു.
സ്ഥലം ഏറ്റെടുക്കുന്നതിന് ആവശ്യമായ 1114 കോടി രൂപ നേരത്തേ തന്നെ സർക്കാർ കൈമാറിയിരുന്നു. ഇത് യഥാസമയം ഭൂഉടമകൾക്ക് കൈമാറി സ്ഥലം ഏറ്റെടുക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതിൽ ദേശീയപാത അതോറിറ്റി അതൃപ്തി അറിയിച്ചതായി അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.