പറവൂർ: അയൽവാസിയുടെ വീട് നിർമാണത്തിൽ നിയമവിരുദ്ധ കാര്യങ്ങൾ നടന്നെന്ന് ചൂണ്ടിക്കാണിച്ച് വലിയ പല്ലംതുരുത്ത് വല്ലത്തേരിൽ വി.ആർ. ബാബു നൽകിയ പരാതിയിൽ തുടർനടപടികൾ വൈകിപ്പിച്ചെന്ന പരാതിയിൽ ചിറ്റാറ്റുകര പഞ്ചായത്ത് സീനിയർ ക്ലർക്ക് സി.എസ്. കവിതയിൽനിന്ന് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ വിശദീകരണം ആവശ്യപ്പെട്ടു.
പരാതിയിൽ ഇന്റേണൽ വിജിലൻസ് ഓഫിസർ അന്വേഷണം നടത്തിയതിനെത്തുടർന്നാണ് നടപടി. ഫയൽ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്ന് കാലതാമസമുണ്ടായെന്നും സെക്രട്ടറി യഥാസമയം തീർപ്പ് കൽപിച്ചില്ലെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.
ഫയലുകളിൽ നിയമാനുസൃത തീർപ്പ് കൽപിക്കാനും ന്യൂനത പരിഹരിച്ച് ചട്ടപ്രകാരം കൃത്യമായ രേഖകളും പ്ലാനും സമർപ്പിക്കാത്ത പക്ഷം അനധികൃത കെട്ടിടമായി കണക്കാക്കി തുടർനടപടിയെടുക്കാനും നിർദേശിച്ചിട്ടുണ്ട്.
വലിയ പല്ലംതുരുത്ത് സ്വദേശിനി ഷീബ അനിൽകുമാർ വീട് പണിയാൻ തെറ്റായ രേഖകൾ നൽകിയാണ് പെർമിറ്റ് നേടിയെന്നും അനധികൃത നിർമാണം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ബാബു പരാതി നൽകിയത്.
156.63 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടിന് കെട്ടിട നമ്പർ അനുവദിക്കാൻ ഫെബ്രുവരി 25ന് ഷീബ അപേക്ഷ സമർപ്പിച്ചെങ്കിലും കെ.പി.ബി.ആർ ചട്ട ലംഘനമുണ്ടെന്ന് സാങ്കേതിക വിഭാഗം റിപ്പോർട്ട് ചെയ്തതിനാൽ വീടിന് നമ്പറിട്ട് നൽകണമെന്ന ഷീബയുടെ അപേക്ഷ പഞ്ചായത്ത് തള്ളിയിരുന്നു. തുടർന്ന് ന്യൂനത പരിഹരിക്കാൻ ഇവർക്ക് കത്തും നൽകി. കഴിഞ്ഞ ദിവസം ന്യൂനത പരിഹരിച്ചതായി കാണിച്ച് ഷീബ നൽകിയ കത്തിൽ പഞ്ചായത്ത് സെക്രട്ടറി ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഷീബയുടെ ഭൂമി സംബന്ധമായ വിഷയങ്ങളിൽ പഞ്ചായത്ത് നിയമോപദേശം തേടിയതാണെന്ന് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ പറഞ്ഞു. ആവശ്യമെങ്കിൽ പഞ്ചായത്ത് ഭരണസമിതി യോഗം ചർച്ച ചെയ്ത ശേഷമേ തീരുമാനം എടുക്കൂ എന്നും ബോധപൂർവമായ വൈകിപ്പിക്കൽ ഉണ്ടായി എന്നത് തെറ്റാണെന്നും ശാന്തിനി ഗോപകുമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.