പറവൂർ: ചേന്ദമംഗലം കവലയിൽ നഗരസഭയുടെ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഹോട്ടൽ ഫുഡ് ആൻഡ് സേഫ്റ്റി അധികൃതർ പൂട്ടിച്ചു. മായം ചേർത്ത രണ്ട് കിലോ ചായപ്പൊടി ഇവിടെനിന്ന് കണ്ടെടുത്തു. വെള്ളത്തിൽ ഇട്ടപ്പോൾത്തന്നെ കളർ ഇളകിയ ചായപ്പൊടി വിദഗ്ധ പരിശോധനക്കായി ലാബിലേക്ക് അയച്ചു. മറ്റൊരു ഹോട്ടലിൽനിന്ന് പിടികൂടി ഇത്തരം ചായപ്പൊടി നശിപ്പിച്ചു. പിഴ ഈടാക്കാൻ ഹോട്ടലിന് നോട്ടീസ് നൽകി.
നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ നടത്തിയ പരിശോധനയിൽ കെ.എം.കെ കവലയിലെ കടയിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഭക്ഷണ പാക്കറ്റുകളിൽ പലതിലും തീയതി ഉണ്ടായിരുന്നില്ല. നിരോധിച്ച പ്ലാസ്റ്റിക് കവറുകൾ പിടികൂടിയ കടകൾക്ക് നോട്ടീസ് നൽകി.
ഹെൽത്ത് ഇൻസ്പെക്ടർ യു. സുധീന്ദ്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനൂപ് കുമാർ, ശ്യം ലാൽ, ജയശ്രീ, ധന്യ ഇളയിടം എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പരിശോധന തുടരുമെന്ന് നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി അറിയിച്ചു.
ഹോട്ടലുകളിലെ പഴകിയ ഭക്ഷണം സംബന്ധിച്ച് ചർച്ച ചെയ്ത താലൂക്ക് വികസന സമിതി യോഗം താലൂക്കിലെ വിവിധ ഹോട്ടലുകളുടെയും അറവുശാലകളുടെയും പരിശോധനക്കായി ബന്ധപ്പെട്ട വകുപ്പുകളെ ഉൾപ്പെടുത്തി സമിതി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.