പറവൂർ: ഒരാഴ്ച മുമ്പ് കൊയ്തെടുത്ത നെല്ല് ഞായറാഴ്ച പുലർച്ച ഉണ്ടായ മഴയിൽ നനഞ്ഞു. ശേഖരിക്കാൻ ബന്ധപ്പെട്ടവർ എത്താത്തതിനാൽ കർഷകർ ചാക്കിൽ കെട്ടി പാടത്ത് സൂക്ഷിച്ചതായിരുന്നു.
നെല്ല് എറ്റെടുക്കണമെന്ന കർഷകരുടെ ആവശ്യം കേൾക്കാൻ ആരുമുണ്ടായില്ല. ഇനി നെല്ല് പാടത്തുനിന്നും ചുമന്നു മാറ്റി ഉണക്കി വേണം വിൽപന നടത്താൻ. കൂലി ഉൾപ്പെടെ കർഷകർക്ക് വൻ നഷ്ടത്തിനിടയാക്കി.
ഉത്തരേന്ത്യൻ കർഷകരോട് കാണിച്ച ആവേശമൊന്നും പുത്തൻവേലിക്കരയിലെ കർഷകനോട് കാണിച്ചില്ലെന്ന് പരാതിയുണ്ട്. പുത്തൻവേലിക്കര പഞ്ചായത്തിലെ താഴഞ്ചിറ പാടശേഖരത്ത് കൊയ്തു കഴിഞ്ഞ് ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന നെല്ലാണ് നനഞ്ഞു കുതിർന്നത്.
സപ്ലൈകോ കാലടിയിലെ കാവേരി മിൽസ് എന്ന സ്വകാര്യ സ്ഥാപനത്തെയാണ് നെല്ല് സംഭരിക്കാൻ ചുമതലപ്പെടുത്തിയത്. ഇവർ ആദ്യം കൊയ്ത 40 ടണ്ണോളം നെല്ല് ശേഖരിച്ചു.
അതിന് ശേഷം 70 ടൺ നെല്ല് കൊണ്ടുപോയിട്ടില്ല. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ കർഷകർ തങ്ങളുടെ വിഷമം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.
താഴഞ്ചിറയിലെ സുര, ജോർജ്, തോമസ്, രാജു, ജോസഫ് തുടങ്ങിയവരുടെ ടൺ കണക്കിന് നെല്ലാണ് മഴയിൽ കുതിർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.