പറവൂർ: പറവൂർ സഹകരണ ബാങ്കിൽ നടക്കുന്ന വിജിലൻസിന്റെയും സഹകരണ വകുപ്പിന്റെയും നേതൃത്വത്തിലുള്ള അന്വേഷണം ജില്ലയിലെ ഒരു മന്ത്രിയുടെ നേതൃത്വത്തിൽ അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി കോൺഗ്രസ് ആരോപണം. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ബാങ്കിൽ നടന്ന ആദായ നികുതി വെട്ടിപ്പ്, അനധികൃത ഭൂമി ഇടപാട്, സ്വർണപ്പണയ ഇടപാട് തുടങ്ങിയ അഴിമതികൾക്കെതിരെ ഹൈകോടതി നിർദേശാനുസരണമുള്ള അന്വേഷണമാണ് പൂർത്തിയായത്. അന്വേഷണ ഉദ്യോഗസ്ഥ റിപ്പോർട്ട് സമർപ്പിച്ചിട്ടും ജോയന്റ് രജിസ്ട്രാർ തുടർ നടപടികൾ സ്വീകരിക്കാതെ മനഃപൂർവം വൈകിപ്പിക്കുകയാണ്. അഞ്ചുമാസം മാത്രം കാലാവധിയുള്ള ഭരണസമിതിയെ സംരക്ഷിക്കാനാണ് ശ്രമം.
മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ് പ്രകാരം എറണാകുളം വിജിലൻസ് സ്പെഷൽ ഡിവൈ.എസ്.പി അന്വേഷണം പൂർത്തിയാക്കിയിട്ടും ഇതുവരെ ത്വരിതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തത് ഭരണതലത്തിലെ സമ്മർദംമൂലമാണ്. അന്വേഷണത്തിൽ സി.പി.എമ്മിന്റെ പല പ്രമുഖരും കുടുങ്ങുമെന്ന് ഉറപ്പായതോടെ അഴിമതിക്കാരെ സംരക്ഷിക്കാൻ ജില്ലയിലെ മന്ത്രിയും ജില്ല സെക്രട്ടറിയും ചേർന്ന് അന്വേഷണ റിപ്പോർട്ട് തടസ്സ പ്പെടുത്തിയെന്നും അവർ ആരോപിച്ചു.
ബാങ്കിനെതിരെ നടക്കുന്ന രണ്ട് അന്വേഷണവും 90 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവുണ്ടായിട്ടും നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ഹൈകോടതിയിലും മൂവാറ്റുപുഴ വിജിലൻസ് കോടതിയിലും കോടതിയലക്ഷ്യത്തിന് കോൺഗ്രസ് കേസ് കൊടുക്കും.
ബാങ്കിൽ കഴിഞ്ഞ മൂന്നുമാസമായി സി.പി.ഐ-സി.പി.എം തർക്കംമൂലം ഭരണസ്തംഭനമാണെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.എസ്. റെജി, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ എൻ. മോഹനൻ, രമേഷ് ഡി. കുറുപ്പ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.