പറവൂർ: അതിദാരിദ്ര്യ വിമുക്ത കേരളം പദ്ധതിയുടെ പ്രഖ്യാപനത്തിൽനിന്ന് പറവൂർ നഗരസഭ പുറത്തായി. സമയബന്ധിതമായി ഇതിന്റെ വിവരങ്ങൾ കൈമാറാതിരുന്നതാണ് നഗരസഭക്ക് ക്ഷീണമായത്. നവംബർ ഒന്നിന് സംസ്ഥാനത്ത് നിലവിലുള്ള അതിദരിദ്രരിൽ 50 ശതമാനം പേരെ ഒഴിവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം സർക്കാർ നടത്തും. ഇതിലാണ് കെടുകാര്യസ്ഥത മൂലം നഗരസഭ ഇടംപിടിക്കാതെ പോയത്.
അതിദരിദ്രർക്കുള്ള ഭക്ഷണക്കിറ്റ്, മരുന്നുകൾ എന്നിവക്കായി സർക്കാർ അനുവദിച്ച തുക നഗരസഭയിൽ സമയബന്ധിതമായി ചെലവാക്കാനായിരുന്നില്ല. ഇതിന്റെപേരിൽ പഴികേൾക്കുന്നതിനിടയിലാണ് സർക്കാർ പ്രഖ്യാപന ലിസ്റ്റിൽനിന്ന് കൂടി പുറത്തുപോയത്. ഇതുസംബന്ധിച്ച് കഴിഞ്ഞ കൗൺസിലിൽ ധിറുതി പിടിച്ച് ഭരണപക്ഷം ചില കാര്യങ്ങൾ കൊണ്ടുവന്നെങ്കിലും പ്രതിപക്ഷ എതിർപ്പുമൂലം നടപ്പാക്കാനായില്ല. അതിദാരിദ്ര്യത്തിൽനിന്ന് ഒഴിവാക്കപ്പെടുന്നവരുടെ തെറ്റായ രേഖകൾ നൽകാനുള്ള നീക്കമാണ് പ്രതിപക്ഷ പ്രതിഷേധത്തിൽ ഇല്ലാതായത്. ലൈഫ് മിഷൻ പദ്ധതിയിൽ 24 ഗുണഭോക്താക്കൾക്കായി സർക്കാർ ഒരുമാസം മുമ്പ് നഗരസഭക്ക് അനുവദിച്ച 15.60 ലക്ഷം രൂപ ഇപ്പോഴും പൂർണമായി വിതരണം ചെയ്യാനാകാത്തതും എൽ.ഡി.എഫ് അംഗങ്ങൾ കൗൺസിലിൽ ചോദ്യംചെയ്തു.
സർക്കാർ നൽകിയ തുകപോലും സമയബന്ധിതമായി തൊഴിലാളികൾക്ക് വിതരണം ചെയ്യാനാകാത്തത് ഭരണ നേതൃത്വത്തിന്റെ പിടിപ്പുകേട് വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് ടി.വി. നിധിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.