പറവൂർ: നഗരസഭയിൽനിന്ന് കാണാതായ ആധാരങ്ങളിൽ ചിലതു കണ്ടെത്തി. സ്റ്റോർ റൂമിലെ ചെസ്റ്റിൽ നിന്ന് 14 രേഖകളാണ് കണ്ടെത്തിയത്. ആധാരങ്ങളിൽ ചിലതിന്റെ എഴുത്തുകൾ പഴയ ലിപിയായതിനാലും പേജുകളും ക്രമപ്രകാരമല്ലാത്തതിനാലും ഏതൊക്കെയെന്നു കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. ഏതാനും മാസം മുമ്പ് ഇതേ ചെസ്റ്റ് പരിശോധിച്ചെങ്കിലും ആധാരങ്ങൾ ലഭിച്ചിരുന്നില്ല. പെരുമ്പടന്ന മത്സ്യച്ചന്ത, പുല്ലംകുളം ചെറുകിട വ്യവസായ കേന്ദ്രം, നമ്പൂരിയച്ചൻ ആൽ പരിസരത്തെ ടാക്സി സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് എന്നിവയുടെ ആധാരം ലഭിച്ചിട്ടുണ്ട്.
നഗരസഭ ഓഫിസ്, മുനിസിപ്പൽ സ്റ്റേഡിയം, വെടിമറ മാലിന്യ സംഭരണ കേന്ദ്രം, കണ്ണൻകുളങ്ങര ഷോപ്പിങ് കോംപ്ലക്സ് തുടങ്ങിയവയുടെ ഇനിയും കിട്ടാനുണ്ട്. ഇരുപതോളം ആധാരങ്ങളാണ് കാണാതായത്. 43 സർവേ നമ്പറുകളിലായാണ് നഗരസഭയുടെ ആസ്തി വസ്തുവകകൾ സ്ഥിതി ചെയ്യുന്നത്. ചെസ്റ്റ് മുമ്പ് പരിശോധിച്ചപ്പോൾ കാണാതിരുന്ന ആധാരങ്ങൾ ഞായറാഴ്ചയിലെ പ്രത്യേക പരിശോധനയിൽ കണ്ടെത്തിയതിനാൽ ആധാരങ്ങൾ മനഃപൂർവം മാറ്റിയതാണോയെന്ന സംശയം ഉയർന്നിട്ടുണ്ട്. നഗരത്തിലെ ചില നഗരസഭ ഭൂമികളിൽ കൈയേറ്റം നടന്നിട്ടുണ്ട്.
കൈയേറ്റക്കാർക്ക് സഹായം ചെയ്യാനാണോ ആധാരങ്ങൾ ഒളിപ്പിച്ചതെന്ന് അന്വേഷിക്കണമെന്ന് സ്വതന്ത്ര കൗൺസിലർ ജോബി പഞ്ഞിക്കാരൻ ആവശ്യപ്പെട്ടു. ഭരണ, ഉദ്യോഗസ്ഥ അലംഭാവമാണ് ഇത്തരം തിരിമറികൾക്ക് വഴിവെക്കുന്നതെന്ന് നഗരസഭ പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ ആരോപിച്ചു. എല്ലാ ആസ്തികളുടെയും ആധാരങ്ങൾ കണ്ടെത്തി റജിസ്റ്റർ തയാറാക്കി സൂക്ഷിക്കണമെന്നും നിഥിൻ ആവശ്യപ്പെട്ടു. നഗരസഭയിലെ സി.സി ടി.വി കാമറകളും ഏറെനാളായി പ്രവർത്തനരഹിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.