പറവൂർ: കെട്ടിടം-വസ്തു നികുതി അടക്കാൻ നഗരസഭയിലെത്തുന്നവരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി. മുൻവർഷങ്ങളിലെ ഇല്ലാത്ത നികുതി കുടിശ്ശികയുടെ പേരിലാണ് ജനത്തെ വട്ടം കറക്കുന്നത്. നഗരസഭകളിലെ നികുതിപിരിവ് കെ-സ്മാർട്ട് സംവിധാനത്തിലൂടെയാണ് നടക്കുന്നത്. എന്നാൽ, പല വീടുകളുടെയും വ്യാപാര സമുച്ചയങ്ങളുടെയും കെട്ടിട നമ്പറുകൾ ഡേറ്റ ബേസിൽ ചേർക്കാൻ സാധിച്ചിട്ടില്ല. ഇതിനാൽ യഥാർഥ നികുതിയും കുടിശ്ശികയും ശരിയായി തിട്ടപ്പെടുത്താനാകുന്നില്ല. ഇതാണ് ഇവിടെ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. നഗരസഭ പരിധിയിലെ ഏകദേശം 13,000 കെട്ടിടങ്ങളിൽ 5000ത്തിലധികം കെട്ടിടങ്ങൾ ഇപ്പോഴും ഡേറ്റ ബേസിൽ ഉൾപ്പെടുത്താനായിട്ടില്ല. അതിനാൽ മുൻവർഷങ്ങളിൽ നികുതി അടച്ചവരോട് നികുതി കുടിശ്ശികയാണെന്ന് ഉദ്യോഗസ്ഥർ പറയുകയാണ്. മാത്രമല്ല ഇവർക്ക് ഡിമാൻഡ് നോട്ടീസ് ഉൾപ്പെടെ അയക്കുകയും ചെയ്യും. നഗരസഭ ഭരണാധികാരികൾക്ക് സംഭവിച്ച ഗുരുതര വീഴ്ചയാണ് നികുതി അടക്കാനെത്തുന്നവരെ കെണിയിലാക്കുന്നത്. നിലവിലെ മാന്വൽ രജിസ്റ്റർ അപൂർണമായ നിലയിലാണ്. മുൻ വർഷങ്ങളിൽ നികുതി അടച്ചവരുടെ വിവരങ്ങൾപോലും ഇതിലില്ല.
660 ചതുരശ്രയടിയിൽ താഴെയുള്ള വീടുകൾക്ക് നികുതി പൂർണമായും ഒഴിവാക്കി സർക്കാർ ഇളവ് ചെയ്തിട്ടുണ്ട്. സർക്കാർ ഉത്തരവ് നിലനിൽക്കെ അത്തരം ചെറിയ വീടുകൾക്കും നഗരസഭ നികുതി അടക്കാനുള്ള നോട്ടീസ് അയക്കുകയാണ്. ഇത് നിയമ വിരുദ്ധ നടപടിയാണെന്നും പ്രതിഷേധാർഹമാണെന്നും എൽ.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു. നികുതി ഒഴിവാക്കി കിട്ടാൻ നിരവധി പേർ നഗരസഭയിൽ നൽകിയ അപേക്ഷകൾപോലും കാണാതായെന്നാണ് വിവരം. ജില്ലയിൽ ഏറ്റവും ഉയർന്ന കെട്ടിട നികുതി ഈടാക്കുന്ന നഗരസഭയാണ് പറവൂർ. എന്നാൽ, വൻകിടക്കാരിൽനിന്ന് കോടികളാണ് നികുതി ഇനത്തിൽ കിട്ടാനുള്ളത്. വർഷങ്ങളായി ഇത്തരക്കാർക്ക് ഡിമാൻഡ് നോട്ടീസുപോലും അയക്കാതെ നഗരസഭ ഭരണ നേതൃത്വം നടത്തുന്ന ഒത്തുകളി മൂലം കോടികളുടെ വരുമാന നഷ്ടമാണ് നഗരസഭക്കുണ്ടാകുന്നത്. 31നകം നികുതി പിരിവ് പൂർത്തിയാക്കാനിരിക്കെ മൂന്ന് കോടിയോളം രൂപ ഇനിയും പിരിച്ചെടുക്കാൻ ബാക്കിയുണ്ട്.നികുതി പിരിവിന്റെപേരിൽ നഗരസഭ നടത്തുന്ന ജനദ്രോഹ നടപടി അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടു. കെടുകാര്യസ്ഥത അവസാനിപ്പിച്ച് കെട്ടിടങ്ങളുടെ ഡേറ്റ ബേസ് പൂർണമാക്കണമെന്നും സർക്കാർ ഉത്തരവിൽ നികുതി ഇളവിന് അർഹരായ വീട്ടുടമകളിൽനിന്ന് നികുതി പിരിച്ചത് തിരികെ നൽകണമെന്നും പ്രതിപക്ഷവും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.