പറവൂർ: നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബസ് സ്റ്റാൻഡ്, ലിമിറ്റഡ് സ്റ്റോപ് ബസ് സ്റ്റാൻഡ് എന്നീ സ്ഥാപനങ്ങളുടെ വൈദ്യുതി നിരക്ക് അടക്കാൻ വൈകിയതിനെത്തുടർന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ മുന്നറിയിപ്പില്ലാതെ ഫ്യൂസ് ഊരിയത് വിവാദത്തിലായി. സംഭവത്തിൽ പ്രതിഷേധിച്ച് ചെയർപേഴ്സൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പറവൂർ കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ മുറിയിൽ കയറി പ്രതിഷേധിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. ഈ സ്ഥാപനങ്ങളിലെ കുടിശ്ശിക തുകയായ 7000 രൂപ അടക്കാൻ ഒരുദിവസം വൈകിയതിനാണ് അറിയിപ്പ് കൂടാതെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ഫ്യൂസ് ഊരിയത്.
ആയിരക്കണക്കിന് യാത്രക്കാർ എത്തുന്ന രണ്ട് ബസ് സ്റ്റാൻഡിലും കറന്റില്ലാതായതോടെ സ്തംഭനാവസ്ഥയിലായി. വിവരം അറിഞ്ഞെത്തിയ ചെയർപേഴ്സൻ ബീന ശശിധരന്റെ നേതൃത്വത്തിൽ അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസിലെത്തി പ്രതിഷേധിക്കുകയായിരുന്നു. ആയിരക്കണക്കിന് സാധാരണക്കാർ ദിനംപ്രതി എത്തുന്ന ഇവിടെ ഫ്യൂസ് ഊരിയത് പൊതു ജനത്തോടുള്ള വെല്ലുവിളിയും ക്രൂരതയുമാണെന്ന് ചെയർപേഴ്സൻ പറഞ്ഞു.
ജനപ്രതിനിധികളുടെ പ്രതിഷേധം കനത്തതോടെ സംഭവം പന്തിയല്ലെന്ന് മനസ്സിലാക്കിയ എൻജിനീയർ ക്ഷമാപണം നടത്തുകയും ഫ്യൂസ് പുനഃസ്ഥാപിക്കാൻ നിർദേശം നൽകുകയും ചെയ്തു. തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു, കൗൺസിലർമാരായ ഡി. രാജ്കുമാർ, ടി.എച്ച്. ജഹാംഗീർ, ലൈജി ബിജു, എം.കെ. ബാനർജി, ടി.എം. അബ്ദുൽസലാം, പി.ഡി. സുകുമാരി എന്നിവരും ചെയർപേഴ്സനോടൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.