പറവൂർ: മാതാവിനെയും സഹോദരിയെയും സഹോദരിയുടെ ഭർതൃമാതാവിനെയും യുവാവ് വീട്ടിൽകയറി കുത്തിപ്പരിക്കേൽപിച്ചു. സംഭവത്തിൽ ചാവക്കാട് കോട്ടപ്പടി ചോലൂർ വീട്ടിൽ ജിമ്മിയെ (41) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മാതാവ് തങ്കമ്മ ജോൺ (75), സഹോദരി ജിജി (41), സഹോദരിയുടെ ഭർതൃമാതാവ് വിക്ടോറിയ തോമസ് (74) എന്നിവർക്കാണ് പരിക്കേറ്റത്.
മൂവരും പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ജിജി താമസിക്കുന്ന കണ്ണൻകുളങ്ങര പാലസ് റോഡിലെ പടിക്കൽ വീട്ടിലാണ് സംഭവം. വീട്ടിലേക്ക് അതിക്രമിച്ചുകയറിയ ജിമ്മി മാതാവ് തങ്കമ്മ ജോണിനെ ക്രൂരമായി മർദിച്ചു. തടയാൻ ശ്രമിച്ചെങ്കിലും ജിജിയുടെ കഴുത്തിലും വിക്ടോറിയയയുടെ കൈയിലും കുത്തി. തങ്കമ്മക്കും കൈയിൽ കുത്തേറ്റു. വിവരമറിഞ്ഞു പൊലീസ് സംഘം എത്തുമ്പോൾ ജിമ്മി മാതാവ് തങ്കമ്മ ജോണിന്റെ കഴുത്തിൽ രണ്ട് കത്തികൾ ചേർത്തുവെച്ച് ബഹളമുണ്ടാക്കുകയായിരുന്നു. പൊലീസ് ഇയാളെ അനുനയിപ്പിച്ച് കത്തി വാങ്ങിയെടുക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളത്ത് ഓട്ടോ ഡ്രൈവറാണ് ജിമ്മി. കുടുംബവഴക്കിനെ തുടർന്നാണ് അക്രമം. പിടിച്ചുപറി ഉൾപ്പെടെ കൊച്ചിയിൽ ഇയാൾക്കെതിരെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
ജിജിക്ക് കഴുത്തിൽ 10 തുന്നലുകളുണ്ട്. തങ്കമ്മ ജോണിനും വിക്ടോറിയ തോമസിനും കൈകൾക്കാണ് തുന്നലിട്ടത്. കുടുംബവഴക്കും സ്വത്ത് സംബന്ധിച്ച തർക്കവും മൂലം ഇയാൾ 13 വർഷങ്ങളായി വീട്ടുകാരുമായി അകന്നുകഴിയുകയായിരുന്നു. പെട്രോൾ നിറച്ച കന്നാസ്, കണ്ണിൽ അടിക്കുന്ന സ്പ്രേ, മർദിക്കാൻ ഉപയോഗിക്കുന്ന നഞ്ചക്ക്, കത്തികൾ എന്നിവ ജിമ്മിയിൽനിന്ന് പൊലീസ് പിടിച്ചെടുത്തു. ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐ പ്രശാന്ത് പി.നായർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജിമ്മിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.