പറവൂർ: കച്ചേരി മൈതാനിയിൽ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിർമിച്ച നടപ്പാതകളിൽ പാർക്കിങ് കാൽനടക്കാർക്ക് തടസ്സം സൃഷ്ടിക്കുന്നു. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം. എം.പിയുടെ പ്രതിനിധിയായ എം.പി. റഷീദാണ് ആവശ്യമുന്നയിച്ചത്. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഒന്നേകാൽ കോടി ചെലവഴിച്ചാണ് ടൂറിസം വകുപ്പ് കച്ചേരി മൈതാനം നവീകരിച്ചത്. നവീകരിച്ച മൈതാനത്തിന്റെ ശുചീകരണത്തിന്റെയും അറ്റകുറ്റപ്പണികളുടെയും ചുമതല നഗരസഭക്കായിരുന്നു.
രണ്ടുവർഷമായി ഈ ചുമതലയിൽനിന്ന് നഗരസഭ ഒഴിഞ്ഞു. മൈതാനത്തെ റോഡുകളിൽ വിരിച്ചിരുന്ന ടൈലുകൾ തകർന്ന് ഇപ്പോൾ കുണ്ടുംകുഴിയും ചളിയുമായി കിടക്കുകയാണ്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ തിരിഞ്ഞുനോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് നടപ്പാതയിൽ വാഹനങ്ങളുടെ അനധികൃത പാർക്കിങ്. ആംബുലൻസുകൾ പാർക്ക് ചെയ്യുന്നതും ഇവിടെയാണ്. വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇരുചക്രവാഹനങ്ങളിൽ എത്തുന്നവരും പാർക്ക് ചെയ്യുന്നത് കച്ചേരിവളപ്പിലാണ്. ദിവസേന 250-300 വാഹനങ്ങളാണ് ഇവിടെ പാർക്ക് ചെയ്യുന്നത്.
നഗരസഭ പാർക്കിങ് ഫീസ് ഏർപ്പെടുത്തി വാഹനങ്ങൾ നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ അഭിഭാഷകരടക്കം എതിർത്ത് പിന്തിരിപ്പിച്ചു. ആർക്ക് വേണമെങ്കിലും വാഹനം പാർക്ക് ചെയ്ത് എവിടെ വേണമെങ്കിലും പോകാമെന്നതാണ് നിലവിലെ സ്ഥിതി. റവന്യൂ വകുപ്പിന്റെ കീഴിലുള്ള കച്ചേരി മൈതാനിയുടെ കസ്റ്റോഡിയൻ തഹസിൽദാറാണ്. അനധികൃത പാർക്കിങ് കാര്യത്തിൽ തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പ്രതികരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.