തോപ്പുംപടി: കെ.എസ്.ആർ.ടി.സി ബസുകൾ വൈറ്റില ബൈപാസ് വഴി സർവിസ് നടത്തുന്നതും തോപ്പുംപടി വഴിയുള്ള ബസുകൾ വെട്ടിക്കുറച്ചതും പശ്ചിമ കൊച്ചിക്കാരുടെ യാത്രക്ലേശം രൂക്ഷമാക്കി. മണിക്കൂറിൽ ഒന്നോ രണ്ടോ ബസുകൾ മാത്രമാണ് ഇതുവഴി സർവിസ് നടത്തുന്നത്. ചേർത്തല-തോപ്പുംപടി ലോക്കൽ ബസുകൾ സർവിസ് നടത്തുന്നുണ്ടെങ്കിലും ദീർഘദൂര ബസുകളെ ആശ്രയിക്കുന്നവരാണ് ദുരിതത്തിലായിരിക്കുന്നത്. വണ്ടാനം മെഡിക്കൽ കോളജ്, തിരുവനന്തപുരം ആർ.സി.സി തുടങ്ങിയ സ്ഥലങ്ങളിലേക്കായി സാധാരണക്കാർ ആശ്രയിക്കുന്നത് കെ.എസ്.ആർ.ടി.സിയെയാണ്. മുൻ കാലങ്ങളിൽ കുമ്പളങ്ങി പഞ്ചായത്തിൽനിന്ന് പുലർച്ച തിരുവനന്തപുരത്തേക്ക് ബസ് ഉണ്ടായിരുന്നു. അതും നിർത്തലാക്കി. നഷ്ടക്കണക്ക് പറഞ്ഞാണ് തോപ്പുംപടി വഴി സർവിസ് വെട്ടിക്കുറച്ചത്. ഫോർട്ട്കൊച്ചിയിൽനിന്ന് ആലപ്പുഴയിലേക്ക് സ്വകാര്യ ബസ് സർവിസ് വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇത് വിദേശികൾക്കും ഏറെ ഗുണംചെയ്യും. ഏറെ കൊട്ടിഗ്ഘോഷിച്ച് ലോഫ്ലോർ എ.സി ബസും തിരുകൊച്ചിയും പശ്ചിമകൊച്ചിയിലേക്ക് സർവിസ് തുടങ്ങിയെങ്കിലും അധികം താമസിയാതെ കട്ടപ്പുറത്തായി. തോപ്പുംപടി വഴി കൂടുതൽ ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തണമെന്ന ആവശ്യവുമായി അധികാരികളെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.