ദേശീയപാതയോരത്ത്​ മുറിച്ചിട്ട മരങ്ങൾ അപകടക്കെണി

ചാത്തന്നൂർ: ദേശീയപാതയോരത്ത് അപകട ഭീഷണിയുയർത്തി മുറിച്ചിട്ട മരങ്ങൾ; നടപടിയെടുക്കാതെ അധികൃതർ. ദേശീയപാത വികസനത്തിനുവേണ്ടി ഏറ്റെടുത്ത സ്ഥലത്തുനിന്ന്​ മുറിച്ചുമാറ്റുന്ന പടുകൂറ്റൻ മരങ്ങളാണ് റോഡരികിൽ കിടക്കുന്നത്. മേവറം മുതൽ പാരിപ്പള്ളി കടമ്പാട്ടുകോണം വരെ റോഡരികിൽ ഇതാണ്​ കാഴ്ച. കൂറ്റൻ മരക്കഷങ്ങളിൽ തട്ടി ചെറുതും വലുതുമായ വാഹനങ്ങൾ അപകടത്തിൽപെടുന്നു​. മുറിക്കുന്ന മരങ്ങൾ സ്ഥലത്തുനിന്ന്​ യഥാസമയം മാറ്റാതെ റോഡ് സൈഡിൽ ഉപേക്ഷിച്ച്​ വീണ്ടും മരങ്ങൾ മുറിക്കുകയാണ് കരാറുകാർ ചെയ്യുന്നത്. ഒരാഴ്ചയായി നിരന്തരം അപകടങ്ങൾ ഉണ്ടായിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. ചാത്തന്നൂർ കാരംകോട്​ സ്പിന്നിങ്​ മില്ലിനു​ സമീപം കിഞ്ഞദിവസം രാവിലെ തിരുവനന്തപുരം ഭാഗത്തേക്ക് ലോഡുമായി പോകുകയായിരുന്ന പിക്​-അപ് വാൻ അപകടത്തിൽപെട്ടതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. തെരുവുവിളക്കുകളില്ലാത്തതിനാൽ രാത്രിയിൽ ദേശീയപാത ഇരുട്ടിലാണ്. അരിക്​ ചേർന്ന്​ പോകുന്ന ഇരുചക്രവാഹന യാത്രക്കാർക്ക് റോഡ് സൈഡിൽ കിടക്കുന്ന മരച്ചില്ലകൾ കാണാൻ പറ്റാത്തതാണ് അപകടത്തിന് കാരണമാകുന്നത്. മരക്കഷണങ്ങൾ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ ദേശീയപാത അധികൃതർക്ക്‌ നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിയന്തരമായി റോഡ് സൈഡിൽ കിടക്കുന്ന മരങ്ങൾ മാറ്റി അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.