ശാസ്താംകോട്ട: ശാസ്താംകോട്ട മനക്കരയിൽ നായുടെ ആക്രമണത്തിൽ വയോധികരടക്കം നിരവധിപേർക്ക് പരിക്ക്. ഒമ്പതുപേർക്കാണ് ഗുരുതര പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് ആറരയോടെ മനക്കര കൈതപ്പുഴമുക്കിന് വടക്കുവശമാണ് സംഭവം. മനക്കര കല്ലറയിൽവീട്ടിൽ മഹിളാമണിയമ്മ(83)ക്കാണ് ആദ്യം കടിയേറ്റത്. വീട്ടിലേക്ക് ഓടിക്കയറിയ നായ് വൃദ്ധയെ തള്ളിയിട്ട് കൈപ്പത്തി കടിച്ചുമുറിക്കുകയായിരുന്നു.
നായെ പ്രതിരോധിക്കാൻ ശ്രമിച്ച മകൾ അമ്പിളിക്കും കൈക്ക് കടിയേറ്റു. പിന്നീട് കാറു കേടായതിനെ തുടർന്ന് കൂവളത്തറ മുക്കിൽ റോഡിൽ നിൽക്കുകയായിരുന്ന പള്ളിശ്ശേരിക്കൽ സ്വദേശി നജീമിനെ ആക്രമിച്ച നായ് നെഞ്ചിൽ കടിച്ചു. അവിടെ നിന്ന് പഴയ പൊലീസ് സ്റ്റേഷൻ ഭാഗത്തേക്ക് പോയ നായ് കരോൾസംഘത്തിന് നേരെ ആക്രമണം നടത്തി. ഇഞ്ചക്കാട് രാജേഷ് ഭവനത്തിൽ അനന്തു(12) വിന് കൈയിലും ഇഞ്ചക്കാടുവിളയിൽ വീട്ടിൽ ആനന്ദന്(13) കാലിലും കടിയേറ്റു.
പിന്നീട് സമീപത്ത് രോഹിണി മന്ദിരത്തിൽ സുഭദ്രമ്മ (75)െയയും നായ് ആക്രമിച്ചു. ഇവർക്കും കൈക്ക് ഗുരുതരമായ പരിക്കേറ്റു. വീടിനുവെളിയിൽ നിൽക്കുമ്പോളായിരുന്നു നായ് പാഞ്ഞടുത്തത്. മനക്കര മൂർത്തിക്കാവിന് സമീപം ചന്ദ്രാലയത്തിൽ സതീഷ് കുമാർ (57), മനക്കര അയണിക്കാട് പാലവിളിയിൽ മോഹനൻ (45) എന്നിവർക്കും കടിയേറ്റു. പരിക്കേറ്റ എല്ലാവരും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സ തേടി. ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട വളർത്തുനായ് എവിടെനിന്നോ കെട്ടഴിഞ്ഞ് വന്നതാണന്ന് സംശയിക്കുന്നു. ശാസ്താംകോട്ട ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലുള്ള തിരച്ചിലിൽ രാത്രി വൈകി നായെ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.