കൊല്ലം: കൗമാര കേരളത്തിന്റെ കലയുത്സവത്തിന് അഷ്ടമുടിത്തീരം ആതിഥ്യമരുളാനുള്ള കൗണ്ട്ഡൗണിന് തുടക്കം. ഇന്നു മുതൽ 107 ദിനങ്ങൾ പിന്നിടുമ്പോൾ ഏഷ്യയിലെ വലിയ സ്കൂൾ കലാഘോഷത്തിന് കൊല്ലത്തിന്റെ മണ്ണിൽ കൊടിയുയരും. ജനുവരി നാലു മുതൽ എട്ടു വരെ അഞ്ചു ദിനരാത്രങ്ങളിൽ കൊല്ലം ആഘോഷക്കാഴ്ചകളിൽ ആർത്തുല്ലസിക്കും.
62ാമത് കേരള സ്കൂൾ കലോത്സവദിനങ്ങളുടെ പ്രഖ്യാപനം മന്ത്രി വി. ശിവൻകുട്ടി നടത്തിയതോടെ ഇനി മുന്നൊരുക്കത്തിന്റെ ദിനങ്ങളാണ്. സംസ്ഥാന സ്കൂൾ കായികമേളയുടെ സ്വാഗതസംഘരൂപത്കരണം ഈ ആഴ്ച നടക്കുന്നതിന് തൊട്ടുപിന്നാലെതന്നെ കലോത്സവ സ്വാഗതസംഘവും രൂപവത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇത്തവണയും പഴയ മാന്വൽ അനുസരിച്ചാകും കലോത്സവ നടത്തിപ്പ്.
കൊല്ലം ആശ്രാമം മൈതാനത്ത് പന്തലൊരുക്കിയുള്ള പ്രധാന വേദിയുൾപ്പെടെ നഗരത്തിൽ ആകെ 26 വേദികളാണ് കലോത്സവത്തിനൊരുക്കുന്നത്. 20 എണ്ണം പ്രധാന വേദികളായിരിക്കും. രചന മത്സരങ്ങൾക്ക് ഉൾപ്പെടെ പ്രയോജനപ്പെടുന്നതിനാണ് ആറു വേദികൾ കൂടി ഒരുക്കുന്നത്.
റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള ആശ്രാമം മൈതാനം വിട്ടുകിട്ടുന്നതിനായി കലക്ടർക്ക് കത്ത് നൽകാൻ ധാരണയായിട്ടുണ്ട്. കോർപറേഷൻ അനുമതികൾക്കായുള്ള കത്തുകളും നൽകിത്തുടങ്ങി.
2008ൽ കൊല്ലം ആതിഥ്യമരുളിയ സംസ്ഥാന യുവജനോത്സവത്തിന് പ്രധാനവേദിയായ തേവള്ളി ബോയ്സ് എച്ച്.എസ്.എസ്, ടൗൺ യു.പി സ്കൂൾ, ക്രേവൻ സ്കൂൾ എന്നിങ്ങനെ സ്കൂളുകൾ കൂടാതെ കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ, ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം, ജില്ല പഞ്ചായത്ത് ജയൻ സ്മാരക ഹാൾ, സി.എസ്.ഐ ഹാൾ എന്നിവിടങ്ങളിലെല്ലാം വേദിയൊരുക്കാനുള്ള തയാറെടുപ്പാണ് നടക്കുന്നത്.
കൊല്ലം നഗരത്തിനുള്ളിൽ അടുത്തടുത്ത വേദികൾ വരുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ഗതാഗതക്കുരുക്ക് ഉൾപ്പെടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ക്രമീകരണങ്ങളും ആദ്യമേ ഒരുക്കേണ്ടതുണ്ട്.
വേദികൾ സംബന്ധിച്ച പരിശോധനക്കെത്തിയ വിദ്യാഭ്യാസ വകുപ്പ് ഉന്നതതല സംഘം നഗരത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് താമസിക്കാനുള്ള മുറികൾ ഉൾപ്പെടെ ബുക്ക് ചെയ്താണ് മടങ്ങിയത്. ഇനി കുട്ടികൾക്ക് താമസമൊരുക്കുന്നതാണ് മുന്നിലുള്ള വലിയ വെല്ലുവിളി.
നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ സ്കൂളുകളിൽ സൗകര്യമൊരുക്കാനാണ് ആലോചന. ഓരോ ജില്ലക്കും ഒരു സ്കൂൾ എന്ന നിലക്ക് 14 സ്കൂളുകൾ ഇതിനായി കണ്ടെത്തും. ഇവിടങ്ങളിൽ വെള്ളവും വെളിച്ചവുമുൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കും. ഇടമുറിയാതെ പ്രവർത്തിക്കുന്ന കലോത്സവ ഭക്ഷണ കലവറയൊരുക്കാൻ നഗരത്തിലെ ഏതെങ്കിലും കോളജ് ആണ് പരിഗണിക്കുന്നത്.
എല്ലാ വേദികളിൽനിന്നും കുട്ടികൾക്ക് വന്നുപോകാൻ സൗകര്യംകൂടി പരിഗണിച്ചായിരിക്കും കലവറ വേദി തെരഞ്ഞെടുക്കുന്നത്. പ്രോഗ്രാം കമ്മിറ്റിക്ക് കെ.എസ്.ടി.എ നേതൃത്വം നൽകുമ്പോൾ കെ.പി.എസ്.ടി.എക്കായിരിക്കും ഭക്ഷണ കമ്മിറ്റി ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.