കൊല്ലം: ബന്ധുവിന്റെ മകന് വിദേശത്ത് എം.ബി.ബി.എസ് പഠനത്തിന് ബാങ്ക് വായ്പക്കായി ജാമ്യം നിൽക്കുകയും കിടപ്പാടം ഈടായി നൽകുകയും ചെയ്ത ദലിത് കുടുംബം ജപ്തി നടപടികളെത്തുടർന്ന് കുടിയിറക്കലിന്റെ വക്കിൽ. മുതുപിലാക്കാട് സോമാലയത്തിൽ ആനന്ദ്രാജും കുടുംബവുമാണ് ദുരിതത്തിലായത്.
ഭരണിക്കാവ് ഇന്ത്യൻ ബാങ്കും കുടിശ്ശിക പിരിച്ചെടുക്കാൻ നിയോഗിച്ച റിലയൻസ് ഏജൻസിയും തങ്ങളെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ആനന്ദ് രാജും കുടുംബാംഗങ്ങളും വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2008ൽ വിദ്യാഭ്യാസ വായ്പായി എടുത്ത 531675 രൂപ ഇതികനം തിരിച്ചടച്ചിട്ടുണ്ട്. ഇനി 1700000 രൂപ അടയ്ക്കണമെന്നാണ് ബാങ്ക് അറിയിച്ചത്.
അതേസമയം മൂന്നുലക്ഷം കുറച്ച് 1400000 രൂപ അടയ്ക്കണമെന്നാണ് റിലയൻസ് ഏജൻസി നൽകിയ അറിയിപ്പിലുള്ളത്. തുക അടച്ചില്ലെങ്കിൽ നാലു സെന്റും അതിലുള്ള രണ്ടു മുറിയുള്ള വീടും ജപ്തി ചെയ്യുമെന്നാണ് ഭീഷണി. ബന്ധുവിന്റെ ചൈനയിലെ മെഡിക്കൽ പഠനത്തിനായാണ് വസ്തു ഈടായി നൽകുകയും ജാമ്യം നിൽക്കുകയും ചെയ്തത്.
വായ്പ തിരിച്ചടയ്ക്കുന്നതിൽ അവർ വീഴ്ചവരുത്തി. വായ്പ തിരിച്ചടവ് മുടങ്ങിയെന്ന ബാങ്ക് അറിയിപ്പിനെതുടർന്ന് അഞ്ച് ലക്ഷത്തിലേറെ രൂപ തിരിച്ചടച്ചെങ്കിലും ബാങ്ക് വിട്ടുവീഴ്ചക്ക് തയാറാവുന്നില്ലെന്ന് ആനന്ദ് രാജ് പറയുന്നു.
വായ്പക്കാരന്റെ പിതാവടക്കമുള്ള മറ്റ് ജാമ്യക്കാർക്കെതിരെ നടപടിയെടുക്കാതെ ബാങ്ക് തന്നെയും കുടംബത്തെയും മാത്രം മാനസികമായി പീഡിപ്പിക്കുകയാണ്. പട്ടികജാതി വിഭാഗങ്ങളുടെ പത്ത് സെന്റിൽ താഴെയുള്ള വസ്തു ജപ്തി ചെയ്യരുതെന്നതടക്കമുള്ള നിയമങ്ങൾ ലംഘിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ആനന്ദ് രാജിന്റെ മാതാവ് ഇന്ദിര, ഭാര്യ സുമിമോൾ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.