കൊല്ലം: ആനയും വർണക്കുടകളും ആലവട്ടവും വെൺചാമരവും പഞ്ചവാദ്യമേളവും ഒപ്പം ആരവമുയർത്തി ആയിരങ്ങളും...ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവ ഭാഗമായ കൊല്ലം പൂരം നാടിനാകെ ആഘോഷ വിസ്മയമായി. ആശ്രാമം മൈതാനത്തേക്ക് ഒഴുകിയെത്തിയ ജനം കുടമാറ്റത്തിന്റെ വർണഭംഗി ആസ്വദിച്ച് പൂരകാഴ്ചകൾ നുകർന്ന് ആഘോഷ ഭാഗമായി.
മൈതാനത്തിന്റെ ഇരുവശത്തുമായി അണിനിരന്ന 11 വീതം ഗജവീരന്മാർ താമരക്കുളം മഹാഗണപതിയുടെയും പുതിയകാവ് ഭഗവതിയുടെയും കുടമാറ്റപൂരത്തിന് പകിട്ടേറ്റി.
തിങ്കളാഴ്ച രാവിലെ മുതൽ 13 ക്ഷേത്രങ്ങളിൽനിന്നുള്ള ചെറുപൂരങ്ങളാൽ നഗരം സജീവമായി. ശ്രീകൃഷ്ണ ക്ഷേത്ര സന്നിധിയിൽ പൂരങ്ങൾ എത്തിയതോടെ നടന്ന ആനകളുടെ നീരാട്ടും ഊട്ടും കാണാൻ നിരവധി പേരാണ് രാവിലെ മുതൽ എത്തിയത്. വൈകീട്ട് ഏഴ് ആനകൾ വീതം അണിനിരന്ന കുടമാറ്റം ക്ഷേത്രസന്നിധിയിൽ നടന്നു. തൃക്കടവൂർ ശിവരാജു ആറാട്ടിന് തിടമ്പേറ്റി.
തുടർന്ന് ആശ്രാമം മൈതാനത്തേക്ക് താമരക്കുളം വിഭാഗത്തിന്റെ തിടമ്പേറ്റി ചിറക്കര ശ്രീരാമും പുതിയകാവ് വിഭാഗത്തിന്റെ തിടമ്പേറ്റി പുത്തൻകുളം അനന്തപദ്മനാഭനും മറ്റ് ആനകളെ നയിച്ചെത്തി. വൈകീട്ട് ഏഴരയോടെയാണ് ആശ്രാമത്ത് കുടമാറ്റത്തിന് തുടക്കമായത്. ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരും തൃക്കടവൂർ അഖിലും വാദ്യമേളപ്രമാണിമാരായി തകർത്തതോടെ കാഴ്ചക്കാർ ആവേശത്തിലായി.
ഗുളികൻ തെയ്യം, ഭരതനാട്യം, ശ്രീരാമരൂപം, വാൽക്കണ്ണാടി, ഡോൾ കാവടി, കൽവിളക്ക്, ശിവലിംഗം, ഗണപതി തിടമ്പ്, കുരുത്തോലക്കുട എന്നിങ്ങനെ വൈവിധ്യങ്ങൾ താമരക്കുളും ഗണപതി വിഭാഗം ഉയർത്തിയപ്പോൾ താമരപൂവിലെ ലക്ഷ്മി ദേവി, ശ്രീരാമൻ, ശിവലിംഗം, തട്ടുകുടകൾ, പുതിയകാവ് ദേവി എന്നിങ്ങനെ കുടകൾ പുതിയകാവ് വിഭാഗവും ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.