കരുനാഗപ്പള്ളി : താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് ബാധ കാരണം വളര്‍ത്തു പൂച്ചകള്‍ വ്യാപകമായി ചാകുന്നു. നാടന്‍ പൂച്ചകളില്‍ നിന്ന് വ്യത്യസ്തമായി വീടുകളില്‍ ഓമനിച്ചു വളര്‍ത്തുന്ന പേര്‍ഷ്യന്‍ പൂച്ചകളിലാണ് അതിവേഗം വൈറസ് രോഗം ഉണ്ടാകുന്നത്.
ഫെലൈന്‍ പാന്‍ ലൂക്കോപീനിയ അഥവാ പാര്‍വോ എന്ന വൈറസ് ആണ് രോഗം പടർത്തുന്നത്. ഛര്‍ദ്ദി ,വയറിളക്കം ,മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം കലര്‍ന്ന ദ്രാവകം ഒഴുകല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒതുങ്ങികൂടി കഴിയുന്നതും രോഗബാധയുടെ ലക്ഷണം ആണ്. രോഗം ബാധിച്ചാല്‍ വളരെ വേഗം തന്നെ പൂച്ചകൾ ചാകുന്ന സ്ഥിതിയാണ്. ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയ പൂച്ചകള്‍ക്ക് വിദഗ്ദ ചികിത്സ നല്കിയാലും വളരെ കുറഞ്ഞ തോതില്‍ മാത്രമേ രക്ഷപെടാന്‍ സാധ്യതയുള്ളൂ എന്നാണ് വെറ്റിനറി ഡോക്റ്റര്‍മാരുടെ അഭിപ്രായം.
പൂച്ചകളില്‍ പടര്‍ന്നു പിടിക്കുന്ന ഇത്തരം വൈറസുകള്‍ മനുഷ്യരിലേക്കോ ഇതര മൃഗങ്ങളിലെക്കോ പടര്‍ന്നു പിടിക്കുന്ന തരത്തിലുള്ളതല്ലെന്നും വെറ്റിനറി ഡോക്റ്റര്‍മാര്‍ പറയുന്നു. പാന്‍ ലൂക്കൊപീനിയക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് വര്‍ഷത്തില്‍ ഒരു തവണ എടുക്കലാണ് ഇതിന്റെ പ്രതിവിധി. പൂച്ച കുഞ്ഞുങ്ങള്‍ക്ക് 8 മുതല്‍ 10 ആഴ്ചകള്‍ക്കുള്ളില്‍ പ്രതിരോധ കുത്തിവെപ്പ് എടുത്താല്‍ ഈ വൈറസ് ബാധയില്‍ നിന്നും പൂച്ചകളെ രക്ഷിക്കാന്‍ കഴിയും.
ഒരു പൂച്ചക്ക് വൈറസ് ബാധിച്ചാല്‍ മറ്റു പൂച്ചകളിലേക്ക് ഇവ പടരുകയും ഏറെ നാള് പൂച്ചകളുടെ വാസ സ്ഥലത്ത് ഈ വൈറസിന്റെ സാന്നിധ്യം ഉണ്ടാവുകയും ചെയ്യും.ക്ലോറിന്‍ സാനിറ്റേഷന്‍ ചെയ്തതിനു ശേഷമേ മറ്റു പൂച്ചകളെ താമസിപ്പിക്കാവൂ എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.
വയറിളക്കവും ഛര്‍ദ്ദിയും ദിവസങ്ങളോളം നീളുന്നതോടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാകുകയും പൂച്ചകള്‍ക്ക് മരണം സംഭവിക്കുകയും ചെയ്യുകയാണ് പതിവ് .വൈറസ് ബാധക്കെതിരായ പ്രതിരോധ കുത്തിവെപ്പ് മരുന്ന് സര്‍ക്കാര്‍ മൃഗാശുപത്രികളില്‍ ലഭ്യമല്ല .വിവിധ ബ്രാൻഡുകളില്‍ ഉള്ള ഒരു ഡോസ് മരുന്നിനു മെഡിക്കല്‍ ഷോപ്പുകളില്‍ 850 ഓളം രൂപയാണ് വില ഈടാക്കുന്നത്. മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് വാങ്ങുന്ന മരുന്ന് മൃഗാശുപത്രികള്‍ വഴി കുത്തി വെക്കുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.