അഞ്ചാലുംമൂട്: കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രി വൻതുക ഇൗടാക്കിയെന്ന് ആക്ഷേപം. കരിക്കോട് സ്വദേശിനിയും വേളി ഫാമിലി ഹെല്‍ത്ത് സെൻററിലെ നഴ്സുമായ മുന്ന ഭവനില്‍ അജയമോൾ, പ്ലസ് ടു വിദ്യാർഥിനിയായ മകള്‍ മുന്ന തമ്പി (18) എന്നിവരാണ് മതിലിലെ സ്വകാര്യ ആശുപത്രിയുടെ കൊള്ളക്ക് ഇരയായത്. ഇവര്‍ കലക്ടര്‍ക്കും ആരോഗ്യവകുപ്പിനും ഡി.എം.ഒക്കും പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലത്രെ.
കോവിഡ് പോസിറ്റിവായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന മുന്ന തമ്പിക്ക് 10ന് രാത്രി തൊണ്ടയിൽ അണുബാധയുണ്ടായി. മറ്റ് ആശുപത്രികളിൽ ഒഴിവില്ലാത്തതിനാൽ മതിലിലെ സ്വകാര്യ ആശുപത്രിയില്‍ വിളിച്ചപ്പോള്‍ 4,000 രൂപയുടെ പാക്കേജ് മാത്രമാണുള്ളതെന്നും മുറി ലഭ്യമാണെന്നുമായിരുന്നു മറുപടി. ആശുപത്രിയിൽ എത്തിയപ്പോൾ 10,000 രൂപ മുന്‍കൂർ അടയ്ക്കാൻ ആവശ്യപ്പെട്ടു.
ഇൗ തുക അടച്ച് ഫാര്‍മസിയില്‍നിന്ന് മരുന്ന് എടുത്തശേഷം പ്രവേശിപ്പിച്ചെങ്കിലും അവശയായ കുട്ടിയെ നോക്കാനോ ഡ്രിപ്പിടാനോ ആരും തയാറായില്ലത്രെ. ഒരുമണിക്കൂറിന് ശേഷം പരാതി പറഞ്ഞപ്പോഴാണ് ഡ്രിപ്പിട്ടത്. പിറ്റേന്ന് ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടെങ്കിലും ലഭ്യമായില്ല. 11.30ന് ഡോക്ടര്‍ എത്തിയെങ്കിലും കുട്ടിയെ പരിശോധിക്കാതെ വാതിലിന് മുന്നിലെത്തി പേര് ചോദിച്ച് മടങ്ങി. 12 മണിക്കൂര്‍ കഴിഞ്ഞിട്ടും ചികിത്സ നൽകാതെവന്നതോടെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ടു. സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതെന്ന് എഴുതിനൽകേണ്ടിവന്നുവെന്നും പരാതിയില്‍ പറയുന്നു.
11,320 രൂപയാണ് 12 മണിക്കൂറിന് അടയ്ക്കേണ്ടിവന്നത്. 4,000 രൂപ പാക്കേജ് പറഞ്ഞിടത്താണിത്. വിശദ ബില്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയത് ചെയ്യാത്ത ലാബ് ടെസ്റ്റിെൻറ പേരിലുള്ള 2,800 രൂപയുടെ ബിൽ. റൂം വാടകയായി 5,000 രൂപയിലേറെ ഈടാക്കി. ഡ്യൂട്ടി നഴ്സുമാര്‍ ധരിച്ച രണ്ട് പി.പി.ഇ കിറ്റിന് 1450 രൂപ നിരക്കില്‍ 2,816 രൂപയും ഈടാക്കി. ആശുപത്രിക്കെതിരെ സമാനമായ നിരവധി പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.