അഞ്ചാലുംമൂട്: തൊപ്പി നിർമിക്കുന്നവർ ധാരാളമുണ്ടെങ്കിലും നിയമപാലകർക്ക് തൊപ്പി നിർമിച്ച് വ്യത്യസ്തനായ കഥയാണ് അഞ്ചാലുംമൂട് താന്നിക്കമുക്ക് സ്വദേശി സലിംവാവക്ക് പങ്കുവെക്കാനുള്ളത്. കഴിഞ്ഞ 27 വർഷമായി അധികാരത്തിന്റെ പ്രതീകമായ തൊപ്പികൾ പല റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് നിർമിച്ച് നൽകുന്നതാണ് സലിംവാവയുടെ പ്രിയ ഉപജീവനമാർഗം. സിവിൽ പൊലീസ് ഉദ്യോഗസ്ഥർ മുതൽ ഐ.പി.എസുകാർവരെ അദ്ദേഹത്തിന്റെ കരവിരുന്നിൽ ഒരുങ്ങിയ തൊപ്പികൾ അണിഞ്ഞ ആയിരക്കണക്കിന് ഉദ്യോഗസ്ഥരാണുള്ളത്. തൊഴിലിനുപരി താൻ നിർമിച്ച തൊപ്പി ഉദ്യോഗസ്ഥർ ധരിക്കുമ്പോൾ വളരെയധികം സന്തോഷമുണ്ടാകാറുെണ്ടന്നും സലിം പറയുന്നു.
18ഓളം അസംസ്കൃത വസ്തുക്കൾ തൊപ്പി നിർമാണത്തിന് വേണ്ടി ഉപയോഗിക്കുന്നുണ്ട്. നിർമാണത്തിലെ പൂർണതയാണ് തൊപ്പി നിർമാണത്തിന്റെ പ്രത്യേകത. നാല് മുതൽ ആറ് മണിക്കൂർ വരെ സമയമെടുത്താണ് ഒരു തൊപ്പി നിർമിക്കുന്നത്.
അതീവ സൂക്ഷ്മതയോടെയാണ് ഓരോ തൊപ്പിയും നിർമിക്കുന്നത്, അതിനാലാണ് ഇത്രയുമധികം സമയം വേണ്ടിവരുന്നത്. തൊപ്പി വേണ്ടവരുടെ അളവുകളെടുത്ത് അവർക്ക് പാകമാകുന്ന രീതിയിലും, ഇണങ്ങുന്ന രീതിയിലും തൊപ്പി നിർമിക്കാൻ സൂക്ഷ്മത അത്യാവശ്യമാണന്നും സലീം പറയുന്നു.
പൊലീസിന് പുറമേ എക്സൈസ്, ഫോറസ്റ്റ് എന്നീ വിഭാഗങ്ങൾക്കും ഓർഡറനുസരിച്ച് തൊപ്പി നൽകാറുണ്ട്. ക്യാമ്പുകളിലേക്കാണ് കൂടുതൽ ഓർഡർ എത്തുന്നത്. കൊല്ലത്തെ അപേക്ഷിച്ച് മറ്റ് ജില്ലകളിൽ നിന്നാണ് കൂടുതലായും ആവശ്യക്കാൻ എത്തുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഓർഡറുകൾ ലഭിക്കാറുണ്ട്. കോവിഡും, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും കാരണം തൊപ്പി നിർമാണ പ്രവർത്തനങ്ങൾക്ക് മാന്ദ്യം നേരിട്ടെങ്കിലും ഇപ്പോൾ മാറ്റംവരുന്നതായും അദ്ദേഹം പറഞ്ഞു.
മുമ്പ് വീട്ടിൽ തന്നെയായിരുന്നു നിർമാണ കേന്ദ്രം. ഇപ്പോൾ വീടിനോട് ചേർന്ന് വാവ ടെയ്ലറിങ് ഷോപ്പ് ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർക്കായി യൂനിഫോം കൂടി തയ്ച്ച് നൽകാനുള്ള തയാറെടുപ്പിലാണ്. ഭാര്യയും മക്കളും സഹായത്തിന് കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.