അഞ്ചാലുംമൂട്: അഷ്ടമുടിമുക്ക് -പെരുമൺ റോഡിന്റെ നിർമാണം ഇഴയുന്നു. പെരുമൺ നിവാസികളുടെ യാത്ര ദുരിതത്തിന് പരിഹാരമാകാത്തതിനാൽ പ്രതിഷേധം ശക്തമാണ്. അഷ്ടമുടിമുക്ക് -പെരുമൺ റോഡ് ഹൈടെക് ആക്കുന്നതിന്റെ നിർമാണ ഉദ്ഘാടനം 2022 മേയ് മാസത്തിലാണ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചത്.
റോഡിനായി 2.5 കോടി രൂപയും അനുവദിച്ചു. ഉദ്ഘാടനത്തെ തുടർന്ന് റോഡ് പുനർ നിർമിക്കുന്നതിനായി പഴയ ടാറിങ് ഇളക്കി ഇടുകയല്ലാതെ മറ്റു പ്രവർത്തങ്ങൾ നടന്നില്ല. പ്രദേശവാസികളുടെ യാത്ര ദുരിതത്തെ തുടർന്ന് പ്രതിഷേധം ശക്തമായതോടെ റോഡിൽ മെറ്റൽ നിരത്തി നിർമാണം അവസാനിപ്പിച്ചു. മെറ്റൽ ഉറപ്പിക്കാനുള്ള പ്രവൃത്തികൾ പോലും ചെയ്തില്ല. നിർമാണ പ്രവർത്തനം നടക്കുന്നതിനാൽ ജൂലൈ 15 മുതൽ 30 ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് അറിയിപ്പ് നൽകിയെങ്കിലും മെറ്റൽ നിരത്തൽ മാത്രമാണ് നടത്തിയത്.
മെറ്റലിൽ ഇരുചക്ര വാഹനങ്ങൾതെന്നിവീണ് അപകടങ്ങൾ നിത്യ സംഭവമാണ്.എൻജിനീയറിങ് കോളജ്, സ്കൂളുകൾ, പ്രാഥമിക ആരോഗ്യകേന്ദ്രം, നിരവധി സ്വകാര്യ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പെരുമൺ പ്രദേശത്തേക്ക് എത്തുന്ന പ്രധാന പാതയാണിത്. നിർമാണം ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികൾക്ക് തയാറെടുക്കുകയാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.