അഞ്ചാലുംമൂട്: അഞ്ചുമാസത്തെ സഞ്ചാര വിലക്കിനുശേഷം പ്രാക്കുളം സാമ്പ്രാണിക്കോടി തുരുത്തിലേക്കുള്ള വിനോദസഞ്ചാരം പുനരാരംഭിച്ചു. വെള്ളിയാഴ്ച രാവിലെ സാമ്പ്രാണിക്കോടി ഡി.ടി.പി.സി സെന്ററിന് മുന്നിൽ എം. മുകേഷ് എം.എൽ.എ ബോട്ടുകൾ ഫ്ലാഗ് ഓഫ് ചെയ്തു.
തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. ആദ്യദിനംതന്നെ സഞ്ചാരികളാൽ സജീവമായിരിക്കുകയാണ് തുരുത്ത്. 150 രൂപയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് വിൽപന ഓൺലൈൻ വഴിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഡി.ടി.പി.സി വെബ്സൈറ്റിൽ ഇതിനുള്ള മാറ്റം വരുത്താൻ സാധിച്ചിട്ടില്ല.
നിലവിൽ സാമ്പ്രാണിക്കോടിയിലെ ഡി.ടി.പി.സി ടിക്കറ്റ് കൗണ്ടർ വഴിയാണ് ടിക്കറ്റ് നൽകുന്നത്. ഒരാൾക്ക് 50 മിനിറ്റാണ് തുരുത്തിൽ ചെലവഴിക്കാവുന്ന സമയം. വൈകീട്ട് നാലുവരെ മാത്രമേ സഞ്ചാരികളെ തുരുത്തിലേക്ക് പോകാൻ അനുവദിക്കൂ. വരും ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷയെന്ന് ബോട്ടുടമകൾ പറഞ്ഞു.
ജൂലൈ ഒമ്പതിന് തുരുത്തിൽനിന്ന് കച്ചവടം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മ വള്ളം മറിഞ്ഞ് മരിച്ചതിനെ തുടർന്നാണ് സാമ്പ്രാണിക്കോടിയിൽ വിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് ജില്ല ഭരണകൂടം നടത്തിയ ചർച്ചകളിൽ നിയന്ത്രണം ഡി.ടി.പി.സിയെ ഏൽപിക്കാൻ തീരുമാനിക്കുകയായിരുന്നു. അഷ്ടമുടിക്കായലിന്റെ നടുക്ക് മുട്ടൊപ്പം വെള്ളത്തിൽ നടക്കാമെന്നതാണ് സാമ്പ്രാണിക്കോടിയുടെ പ്രത്യേകത.
അമ്പതോളം വള്ളങ്ങൾ സർവിസ് നടത്തിയിരുന്നിടത്ത് നിലവിൽ 19 എണ്ണത്തിന് മാത്രമാണ് അനുമതി. രേഖകൾ കൃത്യമാക്കുന്ന മുറക്ക് മറ്റു വള്ളങ്ങൾക്കും അനുമതി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ഡി.ടി.പി.സി അറിയിച്ചു. സഞ്ചാരികൾക്കായി ഡി.ടി.പി.സിയുടെ നേത്യത്വത്തിൽ രണ്ടു ഭക്ഷണശാലകൾ ആരംഭിച്ചിട്ടുണ്ട്.
സഞ്ചാരികൾക്ക് വസ്ത്രം മാറാനും മറ്റുമായി താൽക്കാലിക സൗകര്യം ഒരുക്കിയതായി ഡി.ടി.പി.സി അധികൃതർ വ്യക്തമാക്കി. തൃക്കരുവ പഞ്ചായത്തിനാണ് വാഹനങ്ങളുടെ പാർക്കിങ് ചുമതല. സുരക്ഷക്കായി അഞ്ചാലുംമൂട് പൊലീസിന്റെ നിരീക്ഷണവുമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.