അഞ്ചാലുംമൂട്: ബാർ മാനേജറെ അക്രമിച്ച കേസിലെ ആറ് പ്രതികളെ അഞ്ചാലുംമൂട് പൊലീസ് പിടികൂടി. അഷ്ടമുടി സന്തോഷ്ഭവനിൽ സുധീഷ് (24), സുനീഷ് (22), തെക്കേ വയലിൽ വീട്ടിൽ നിഥിൻ (26), ചെറുമൂട് ശങ്കരവിലാസത്തിൽ ജിതിൻ (24), വെള്ളിമൺ ലളിത ഭവനത്തിൽ ജിഷ്ണു മുരളി (24), പ്രാക്കുളം വള്ളശ്ശേരി തൊടിയിൽ സൂരജ് (26) എന്നിവരെയാണ് പിടികൂടിയത്. മുഖ്യപ്രതി പ്രതീഷിനെ പിടികൂടാനുണ്ട്.
നിഥിനെ ഫോൺ നമ്പർ പിന്തുടർന്ന് സേലത്തു നിന്നും പൊലീസ് പിടികൂടിയതോടെയാണ് മറ്റുള്ള പ്രതികൾ പ്രാക്കുളത്ത് ഒളിവിലുള്ള വിവരമറിയുന്നത്. തുടർന്ന് പൊലീസ് സംഘം നടത്തിയ മിന്നൽ പരിശോധയിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സെപ്റ്റംബർ 24നാണ് സംഭവം. രാത്രി ഒമ്പതോടെ ബാറിൽ മദ്യപിക്കാനെത്തിയ പ്രതീഷും സംഘവും മറ്റ് രണ്ട് യുവാക്കളുമായി വഴക്കുണ്ടായി. തുടർന്ന് ഇവർ ബാറിലെ ഫ്രീസറുകളും മറ്റും അടിച്ചുതകർത്തു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതീഷിനെയും മറ്റൊരു യുവാവിനെയും ബാർ ജീവനക്കാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി.
പൊലീസ് പിടികൂടി കൊണ്ടുപോയ പ്രതികൾ ഒരു മണിക്കൂറിനകം ജാമ്യത്തിലിറങ്ങി ആറോളംവരുന്ന ഗുണ്ടാസംഘവുമായി തിരികെ ബാറിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അപ്പോൾ അവിടേക്കുവന്ന ബാർ മാനേജർ അഞ്ചാലുംമൂട് മുരുന്തൽ സ്വദേശി ഷിബു കുര്യാക്കോസിനെ വാഹനത്തിൽ നിന്നും ചവിട്ടി നിലത്തിട്ട് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ക്രൂര മർദനത്തിനിരയായ ഷിബു കുര്യാക്കോസ് ഇപ്പോഴും ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.