ക്രിമിനൽ കേസുകളിലെ പ്രതി കാപ പ്രകാരം അറസ്റ്റിൽ

കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള കലക്ടറുടെ ഉത്തരവ് പ്രകാരം പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തു. 2017 മുതൽ പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, അക്രമം, ആയുധം ഉപയോഗിച്ച് ദേഹോപദ്രവം ഏൽപിക്കൽ, ഭീഷണിപ്പെടുത്തൽ, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ പള്ളിത്തോട്ടം കൗമുദി നഗർ 48ൽ ലൗലാൻഡിൽ എസ്. ഷാനുവാണ് (27) അറസ്റ്റിലായത്.

ഇയാൾക്കെതിരെ ചാർജ് ചെയ്തിട്ടുള്ള കേസുകളെല്ലാം വ്യക്തികൾക്കെതിരെയുള്ള കൈയേറ്റവും അതിക്രമവും സംബന്ധിച്ചാണ്. 2017 മുതൽ എല്ലാ വർഷവും ഒന്നിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്. സമൂഹത്തിന് ഭീഷണിയായ കുറ്റവാളികളെ നിയന്ത്രിക്കുന്നതിനും ഇവർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തടയുന്നതിനുമായി ഇവർക്കെതിരെ കാപ ചുമത്തുന്നതിന്‍റെ ഭാഗമായി ജില്ല പൊലീസ് മേധാവി ടി. നാരായണൻ കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിന് ഉത്തരവായത്.

പള്ളിത്തോട്ടം ഇൻസ്പെക്ടർ ആർ. ഫയാസിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ സുകേഷ്, അനിൽ ബേസിൽ, ഹിലാരിയോസ്, എസ്.സി.പി.ഒ സ്കോബിൻ, ഷാനവാസ്, സി.പി.ഒമാരായ ലിനേഷ്, ആദർശ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയതത്. അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ കരുതൽ തടങ്കലിനായി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചു.

Tags:    
News Summary - Arrested in criminal cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.