കൊല്ലം: അഷ്ടമുടിക്കായലിൽ കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്തുൾപ്പെടെ വൻതോതിൽ മാലിന്യം അടിഞ്ഞുകൂടി ദുർഗന്ധം വമിക്കുന്ന സ്ഥിതിയായതിൽ നടപടിയെടുക്കാൻ രേഖാമൂലം നിർദേശം നൽകിയിട്ടും യാതൊന്നും ചെയ്യാതിരുന്ന ക്ലീൻ സിറ്റി മാനേജരായ ഹെൽത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു. ഹെൽത് സൂപ്പർവൈസർ എ.എസ്. പ്രമോദിനെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
അഷ്ടമുടിക്കായലിന്റെ തീരത്ത് ലിങ്ക് റോഡിൽ നിന്ന് മാലിന്യം നീക്കം ചെയ്യുന്നതിനും കക്കൂസ് മാലിന്യം തള്ളുന്നവർക്ക് എതിരെ പൊലീസിൽ പരാതി നൽകി, നടപടി സ്വീകരിക്കുന്നതിനും നിർദേശം നൽകിയിട്ടും യാതൊന്നും സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടക്കനടപടിക്ക് മേയർ പ്രസന്ന ഏണസ്റ്റ് ഉത്തരവിട്ടത്. ഇതിനെ തുടർന്ന് അഡീഷണൽ കോർപറേഷൻ സെക്രട്ടറി സസ്പെൻഷൻ ഉത്തരവ് ഇറക്കുകയായിരുന്നു.
കാലങ്ങളായി അഷ്ടമുടിക്കായൽ വലിയ രീതിയിൽ കക്കൂസ് മാലിന്യം ഉൾപ്പെടെ തള്ളുന്നത് പതിവാണ്. ജില്ല ആശുപത്രിയിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള കക്കൂസ് മാലിന്യം വരുന്ന പൈപ്പ്ലൈൻ പോലും അഷ്ടമുടിയിലേക്കാണ് തുറന്നുവച്ചിരിക്കുന്നത്.
പുള്ളിക്കട തോട്ടിലൂടെ വൻതോതിൽ പ്ലാസ്റ്റിക്, സെപ്റ്റിക് മാലിന്യവും ഒഴുകിയെത്തുന്നുണ്ട്. പുള്ളിക്കട തോട്ടിൽ നിന്നുള്ള ഖരമാലിന്യത്തിന്റെ ഒഴുക്ക് തടയാൻ ഗ്രിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ ഗ്രില്ലിൽ തടയപ്പെടുന്ന മാലിന്യം കോരിമാറ്റുന്നതിനാൽ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം വലുതായി അഷ്ടമുടിയിൽ എത്താതെ തടയാൻ കഴിഞ്ഞിരുന്നു.
കഴിഞ്ഞ അഞ്ചിനുണ്ടായ ശക്തമായ മഴയിലും കാറ്റിലും ഈ ഗ്രിൽ തകർന്നതോടെ പുള്ളിക്കട തോട്ടിൽനിന്ന് മുഴുവൻ മാലിന്യവും അഷ്ടമുടി കായലിലേക്കൊഴുകി. ലിങ്ക് റോഡ് മേഖലയാകെ പ്ലാസ്റ്റിക്, കക്കൂസ് മാലിന്യം നിറഞ്ഞ് പരിതാപകരമായ സ്ഥിതിയായി. ഇത് ശ്രദ്ധയിൽ പെട്ടതോടെ മാലിന്യം നീക്കുന്നതിന് നടപടിയെടുക്കാൻ ആറാം തിയതി തന്നെ മേയർ നിർദേശം നൽകിയിരുന്നു.
ഇതുകൂടാതെയാണ് പൊലീസിൽ പരാതി നൽകാനും പൊലീസിനൊപ്പം പോയി പുള്ളിക്കട തോട്ടിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നവരെ പിടിക്കുന്നതിനും ആവശ്യപ്പെട്ടത്. രണ്ട് ദിവസങ്ങൾക്ക് ശേഷവും ഇക്കാര്യങ്ങളിൽ നടപടി ഇല്ലെന്ന് വന്നതോടെയാണ് വ്യാഴാഴ്ച വൈകിട്ട് മേയർ സസ്പെൻഷൻ നടപടിയിലേക്ക് നീങ്ങുകയും വെള്ളിയാഴ്ച അഡീഷണൽ സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തത്.
ഇതുകൂടാതെ, അഷ്ടമുടിയുടെ പുനരുദ്ധാരണപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഡ്രഡ്ജിങ്ങും ക്ലീനിങ്ങിനും നടത്തുന്നതിന് തീരദേശ വികസന കോർപറേഷന് നഗരസഞ്ചയ പദ്ധതിയിൽ നിന്ന് നാല് കോടി രൂപയിലധികം കൈമാറാൻ നിർദേശിച്ചിട്ട് മാസങ്ങൾ ആയിട്ടും ഉദ്യോഗസ്ഥർ കൈമാറാത്ത സ്ഥിതിയുമുണ്ട്. കായലിൽ നിന്ന് സ്ഥിരമായി മാലിന്യം നീക്കാൻ സംവിധാനമൊരുക്കാൻ ടെൻഡർ വിളിക്കാൻ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ട് പോലും അതിനായി ഇതുവരെ യാതൊരു നീക്കവും ഉദ്യോഗസ്ഥർ നടത്തിയില്ല.
താൽകാലിക അടിസ്ഥാനത്തിൽ വള്ളത്തിൽ തൊഴിലാളികളെ വച്ച് 400 കിലോയോളം ഖരമാലിന്യം നീക്കിയിരുന്നു. എന്നാൽ, ഇവരെയും ഏതാനും ദിവസങ്ങൾക്കകം മതിയായ വേതനം പോലും നൽകാതെ ഉദ്യോഗസ്ഥർ പറഞ്ഞുവിട്ടതായും ആരോപണമുണ്ട്. അഷ്ടമുടി വിഷയത്തിൽ ഇത്തരത്തിൽ തുടരുന്ന ഉദാസീന നിലപാട് സംബന്ധിച്ച് കോർപറേഷൻ സെക്രട്ടറിക്കും അഡീഷണൽ സെക്രട്ടറിക്കും എതിരെ മേയർ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.