കൊല്ലം: പൊലീസിൽ പരാതി നൽകിയെന്നാരോപിച്ച് യുവാവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിൽപെട്ട നാലുപേരെ കിളികൊല്ലൂർ പൊലീസ് ഒളിത്താവളം വളഞ്ഞ് പിടികൂടി. പാറമടയിലെ ഒളിത്താവളത്തിൽനിന്ന് പ്രതികളെ പിടികൂടുന്നതിനിടെ കിളികൊല്ലൂർ എസ്.ഐ അനീഷിന് പരിക്കേറ്റു. കിളികൊല്ലൂർ ചാമ്പക്കുളം ക്ഷേത്രം നഗർ 66 സജോ ഭവനിൽ സജിൻ (27 - സച്ചു), പേരൂർ ക്ഷേത്രത്തിനടുത്ത് പുതുശ്ശേരിക്കുളം വയലിൽ പുത്തൻവീട്ടിൽ രാജീവ് (30 - പട്ടര് രാജീവ്), കൊറ്റങ്കര പേരൂർ അയ്യരുമുക്ക് തടത്തിൽ പടിഞ്ഞാറ്റതിൽ ജഹാസ് (30), ചാമ്പക്കുളം ക്ഷേത്രംനഗർ 126 വയലിൽ പുത്തൻവീട്ടിൽ റംസി മൻസിലിൽ റാഫി (30) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 18ന് ചാമ്പക്കുളം ക്ഷേത്രത്തിന് വടക്കുവശം നക്ഷത്രനഗർ 30 ബംഗ്ലാവിൽ വടക്കതിൽ മണികണ്ഠനെ (47) ആണ് മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. മണികണ്ഠെൻറ സുഹൃത്ത് പൊലീസിൽ ഒരു പരാതി നൽകിയത് മണികണ്ഠെൻറ പ്രേരണ മൂലമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിന് ശേഷം യുവാക്കൾ വർക്കല, കുളത്തൂപ്പുഴ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. ഇവരെ പിടികൂടുന്നതിനായി കൊല്ലം എ.സി.പി പ്രദീപ് കുമാറിെൻറ മേൽനോട്ടത്തിൽ സിറ്റി സൈബർ സെല്ലിെൻറ സഹായത്തോടെ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.
വിവരമറിഞ്ഞ പ്രതികൾ കുളത്തൂപ്പുഴ എസ്റ്റേറ്റിൽ നിന്നും പള്ളിയ്ക്കൽ കാട്ടുപുതുശ്ശേരിയിലെ പാറമടയിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. ഒളിവിൽ കഴിയുന്നതായി ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ പൊലീസ് സംഘം പാറമട വളഞ്ഞു. ആയുധങ്ങളുമായി പൊലീസിനെ നേരിട്ട പ്രതികളെ സാഹസികമായാണ് പിടികൂടിയത്.
ഇതിനിടെയാണ് എസ്.ഐ അനീഷിന് പരിക്കേൽക്കുന്നത്. പിടിയിലായവരിൽ ഒരാൾ രണ്ടുതവണ കാപ്പ കേസിലും ഇരവിപുരം സ്റ്റേഷൻ അതിർത്തിയിൽ നടന്ന ഒരു കൊലപാതകക്കേസിലും പ്രതിയാണ്. മറ്റുള്ളവരുടെ പേരിലും നിരവധി കേസുകൾ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. ഇവരെ കിളികൊല്ലൂർ പൊലീസും നിഴൽ പൊലീസും വിശദമായി ചോദ്യം ചെയ്തുവരുകയാണ്. സംഘത്തിലുണ്ടായിരുന്ന മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ നടത്തിവരുകയാണ്.
കിളികൊല്ലൂർ എസ്.എച്ച്.ഒ കെ. വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, ശ്രീനാഥ്, താഹാ കോയ, ജയൻ സക്കറിയ, അൻസർ ഖാൻ, എസ്.സി.പി.ഒ ഷിഹാബുദ്ദീൻ, സി.പി.ഒമാരായ സാജ്, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.