കൊല്ലം: സ്വർണക്കടത്തുകേസിൽ ജയിലിൽ കിടന്നയാൾ യാതൊരു അടിസ്ഥാനവുമില്ലാതെ പറയുന്ന കാര്യങ്ങളുടെ പേരിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ എന്തും വിളിച്ചുപറയാമെന്നും എൽ.ഡി.എഫ് സർക്കാറിനെ അപകീർത്തിപ്പെടുത്താമെന്നും ആരും കരുതേണ്ടെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം പന്ന്യൻ രവീന്ദ്രൻ.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേട്ടയാടുന്നതിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി കൊല്ലത്ത് നടത്തിയ ബഹുജനകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ ജനത്തെ അണിനിരത്തി ചെറുക്കും. മാധ്യമങ്ങളുടേത് ഇരട്ട നീതിയാണ്. ഭരണമില്ലാതെ കഴിയാൻപറ്റാത്ത യു.ഡി.എഫ് നേതാക്കൾ തെറ്റായ മാർഗങ്ങൾക്ക് പിറകെയാണ്.
രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്ന ഇ.ഡി നടപടി തെറ്റും കേരളത്തിൽ അവരുടെ ഇടപെടൽ നല്ലതുമെന്ന കോൺഗ്രസ് ഇരട്ടത്താപ്പ് ജനം തിരിച്ചറിഞ്ഞു. സ്വർണക്കടത്ത് കേസിൽ ഒന്നരവർഷക്കാലം ഇ.ഡി നടത്തിയ അന്വേഷണം എവിടെപ്പോയെന്ന് അവർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്യു.എ.സി മൈതാനിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് പേർ പങ്കെടുത്തു.
സമ്മേളനത്തിൽ എൽ.ഡി.എഫ് ജില്ല കൺവീനർ എൻ. അനിരുദ്ധൻ അധ്യക്ഷതവഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ജയചന്ദ്രൻ, കേരള കോൺഗ്രസ്- ബി സംസ്ഥാന ചെയർമാൻ കെ.ബി. ഗണേഷ്കുമാർ എം.എൽ.എ, ലളിത സുഭാഷ് എന്നിവർ സംസാരിച്ചു. എം.എൽ.എമാരായ എം. നൗഷാദ്, കോവൂർ കുഞ്ഞുമോൻ, നേതാക്കളായ മുല്ലക്കര രത്നാകരൻ, കെ. രാജഗോപാൽ, പി. രാജേന്ദ്രൻ, കെ. വരദരാജൻ, സൂസൻകോടി, എം.എച്ച്. ഷാരിയർ, സെബാസ്റ്റ്യൻ കുളത്തുംഗൽ, കൊല്ലംകോട് രവീന്ദ്രൻനായർ, ചാരുപാറ രവി, ഉഴമലയ്ക്കൽ വേണുഗോപാൽ, പ്രഫ. ജേക്കബ് ഇബ്രാഹിം, ഡോ. എ.എ. അമീർ, കടവൂർ ചന്ദ്രൻ, ഡോ. സജു, ഗോപൻ, വഴുതാനത്ത് ബാലചന്ദ്രൻ, സി.കെ. ഗോപി, ആർ. രാമചന്ദ്രൻ, എസ്. ജയമോഹൻ, എക്സ്. ഏണസ്റ്റ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.