കൊല്ലം: കോർപറേഷനിലെ വിവിധ ക്രമക്കേടുകൾ വിശദീകരിക്കുന്ന ഓഡിറ്റ് റിപ്പോർട്ടിലും അഷ്ടമുടിക്കായലിലെ കൈയേറ്റങ്ങളിലും ചർച്ച തിളച്ച് കൗൺസിൽ യോഗം. ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച കവർ സ്റ്റോറി ‘മാധ്യമം’ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചപ്പോഴാണ് തന്റെ ശ്രദ്ധയിൽപെട്ടതെന്നും ഇക്കഴിഞ്ഞ 27ന് ആണ് റിപ്പോർട്ട് തനിക്ക് ലഭിച്ചതെന്നും മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. റിപ്പോർട്ട് എന്തുകൊണ്ട് ഭരണസമിതിക്ക് മുന്നിൽ യഥാസമയം എത്തിയില്ല എന്നത് പരിശോധിക്കും.
ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിക്കുന്ന പദ്ധതികൾ സംബന്ധിച്ച ഫയലുകൾ സമഗ്രമായി പരിശോധിച്ച് ആരോപണങ്ങളുടെ വ്യക്തമായ റിപ്പോർട്ട് നൽകാൻ കോർപറേഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഈ റിപ്പോർട്ട് അടുത്ത കൗൺസിൽ യോഗത്തിൽ കൗൺസിലർമാർക്ക് മുന്നിൽ സമർപ്പിക്കുമെന്നും മേയർ അറിയിച്ചു. അഷ്ടമുടിയെ സംരക്ഷിക്കുന്നതിന് ഏതറ്റം വരെയും പോകുമെന്നും അവർ പറഞ്ഞു. കൈയേറ്റങ്ങളിൽ നടപടി സ്വീകരിക്കാൻ കലക്ടർ, പൊലീസ്, റവന്യൂ അധികാരികൾക്ക് പരാതി നൽകും. അഷ്ടമുടിക്കായൽ കൈയേറ്റങ്ങളിലും മലിനീകരണത്തിലും നടപടി സംബന്ധിച്ച് കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ ഉയർത്തിയ ആക്ഷേപങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മേയർ. കോർപറേഷനിൽ വിവിധ പ്രവർത്തനങ്ങൾക്ക് മേയർ മുൻകൂർ അനുമതി നൽകുന്നത് വ്യാപകമാകുന്നെന്നും ഇത് അഴിമതിക്ക് വളംവെക്കുന്നതാണെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ജോർജ് ഡി. കാട്ടിൽ വിമർശിച്ചു.
തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കല്ല, കൗൺസിലർമാർ ഉന്നയിക്കുന്ന ആവശ്യങ്ങളുടെ ഭാഗമായി നിയമത്തിനുള്ളിൽ നിന്നാണ് മുൻകൂർ അനുമതി നൽകുന്നതെന്ന് മേയർ പറഞ്ഞു. ചേംബർ കത്തിയ സംഭവം ഷോർട്ട് സർക്യൂട്ട് മൂലമാണെന്നാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പുതിയ റിപ്പോർട്ടെന്ന് മേയർ വ്യക്തമാക്കി. വിഷയത്തിൽ തങ്ങൾക്ക് സംശയമുണ്ടെന്ന ജോർജ് ഡി. കാട്ടിലിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അവർ.
കൗൺസിലർമാർ പോലും കോർപറേഷൻ ഓഡിറ്റ് റിപ്പോർട്ട് കണ്ടിട്ടില്ലെന്നും എല്ലാവർക്കും പഠിക്കാൻ റിപ്പോർട്ട് ലഭ്യമാക്കണമെന്നും കൗൺസിലർ കുരുവിള ജോസഫ് ആവശ്യപ്പെട്ടു. ഓഡിറ്റ് റിപ്പോർട്ടിലും അഷ്ടമുടി വിഷയത്തിലും മേയർ നിസ്സംഗമായ നിലപാടാണ് കൈക്കൊള്ളുന്നതെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ടി.ജി. ഗിരീഷ് ആരോപണമുയർത്തി.
ഇക്കാര്യങ്ങളിൽ പ്രതിഷേധിച്ച്, പൊതുചർച്ച കഴിഞ്ഞതോടെ ബി.ജെ.പി അംഗങ്ങൾ വാക്കൗട്ട് പ്രഖ്യാപിച്ച് ഇറങ്ങിപ്പോയി. കോർപറേഷൻ പരിധിയിൽ വസ്തുനികുതി വർധിപ്പിക്കാനുള്ള ധനകാര്യ സ്ഥിരംസമിതിയുടെ തീരുമാനം കൗൺസിൽ അംഗീകരിച്ചു. ഈ അജണ്ട മാറ്റിെവക്കണമെന്ന കൗൺസിലർ പുഷ്പാംഗദന്റെ ആവശ്യം മേയർ തള്ളി.
ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരംസമിതി അധ്യക്ഷരായ ഉദയകുമാർ, യു. പവിത്ര, എസ്. ജയൻ, ഹണി ബെഞ്ചമിൻ, കൗൺസിലർമാരായ എം. സജീവ്, ടി.ആർ. അഭിലാഷ് എന്നിവർ സംസാരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കൗൺസിൽ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.