കുന്നിക്കോട്: കൊല്ലം പുനലൂര്‍ റെയില്‍വേ പാതയില്‍ ആവണീശ്വരത്ത് മേൽപാലം നിർമിക്കുന്നതിന്റെ ഭാഗമായുള്ള സര്‍വേ ആരംഭിച്ചു. വിശദമായ ഡി.പി.ആര് തയാറാക്കുന്നതിന്റെ ഭാഗമായി മേല്‍പാലത്തിന്റെ സാധ്യത പഠന സര്‍വേയാണ് ആരംഭിച്ചത്. പത്തനാപുരം വാളകം ശബരി ബൈപാസില്‍ രണ്ടിടങ്ങളിലായി ഉദ്യോഗസ്ഥരെ നിയമിച്ച് വാഹനങ്ങളുടെ കണക്കെടുപ്പാണ് നടക്കുന്നത്. ആറ് ജീവനക്കാര്‍ മൂന്ന് ദിവസം കൊണ്ടാണ് പ്രാഥമിക സര്‍വേ പൂര്‍ത്തീകരിക്കുക. ഒന്നാംഘട്ടത്തില്‍ നീരിക്ഷണ കാമറകള്‍ സ്ഥാപിച്ചുള്ള സര്‍വേ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.
സംസ്ഥാന സര്‍ക്കാറിന്റെ സഹകരണത്തോടെ ദക്ഷിണ റെയില്‍വേ 35 കോടി രൂപ ചെലവഴിച്ചാണ് ഓവര്‍ബ്രിഡ്ജ് നിർമിക്കുന്നത്. അരകിലോമീറ്റര്‍ നീളത്തിലാണ് മേല്പാലവും അനുബന്ധമായി അപ്രോച്ച് റോഡും നിർമിക്കുക. ആവണീശ്വരത്തെ പഴയ റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് ആരംഭിക്കുന്ന അപ്രോച്ച് റോഡ് ആവണീശ്വരം ഓര്‍ത്തഡോക്സ് പള്ളിക്ക് പിന്നിലൂടെ എഫ്.സി.ഐ ഗോഡൗണിന് മുന്നില്‍ സമാപിക്കും.റെയില്‍വേ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് പൂര്‍ണമായും നിർമാണപ്രവര്‍ത്തനങ്ങള്‍ നടക്കുക. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ മേല്‍നോട്ടത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ പ്രരംഭഘട്ട പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുക. മൂന്ന് ദിവസത്തെ പ്രാഥമിക സര്‍വേ പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.