കൊല്ലം: അഷ്ടമുടി കായൽ മലിനീകരണം തടയുന്നതിന് വഴിയൊരുക്കുന്ന പ്രധാന പദ്ധതിക്ക് തുടക്കമിട്ട് കോർപറേഷൻ. കായലിൽ ശൗചാലയ മാലിന്യം എത്തുന്നത് ഒഴിവാക്കുന്നത് ലക്ഷ്യമിട്ട്, കായലോരങ്ങളിൽ താമസിക്കുന്ന നിർധന കുടുംബങ്ങൾക്ക് ചെറുമാലിന്യ പ്ലാന്റ് ആയി പ്രവർത്തിക്കുന്ന ബയോ ഡൈജസ്റ്ററുകൾ നൽകുന്ന പദ്ധതിക്കാണ് തുടക്കമായത്. അഷ്ടമുടി കായലിലേക്ക് വീടുകളിൽ നിന്നുൾപ്പെടെ ശൗചാലയ മാലിന്യം വൻ തോതിൽ എത്തുന്നുണ്ട്. ഇത് പൂർണമായി ഒഴിവാക്കിയാൽ മാത്രമേ അഷ്ടമുടിയുടെ ശുചീകരണം സാധ്യമാകൂ.
ഈ ലക്ഷ്യം സാധ്യമാക്കുന്നതിനായി കോർപറേഷന്റെ ‘ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി’ പദ്ധതിയുടെ ഭാഗമായി ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായി ബയോ ഡൈജസ്റ്റർ സ്ഥാപിച്ചുനൽകുന്ന പദ്ധതിയാണ് ആരംഭിച്ചത്. 100 ബി.പി.എൽ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ ചെലവഴിച്ചാണ് ബയോ ഡൈജസ്റ്ററുകൾ സ്ഥാപിക്കുന്നത്. 700 ലിറ്റർ സംഭരണശേഷിയുള്ളതാണ് ബയോഡൈജസ്റ്റർ ടാങ്ക്. ഇതിൽ അനറോബിക് മൈക്രോബയൽ ഇനോക്കുലം ബാക്ടീരിയൽ ലായനി 200 ലിറ്റർ ഒഴിക്കുകയാണ് ചെയ്യുന്നത്. ശൗചാലയ മാലിന്യം ഈ ലായനിയുമായി പ്രവർത്തിച്ച് സംസ്കരിച്ച് കാർഷികവൃത്തിക്ക് ഉപയോഗിക്കാൻ കഴിയുന്ന വെള്ളമായി പുറത്തവരും. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, രാഷ്ട്രീയ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.