ഓയൂർ: അമ്പലംകുന്ന് മുതൽ വാളിയോട് വാപ്പാല വഴി ഓടനാവട്ടം വരെയുള്ള റോഡ് നവീകരിച്ചെങ്കിലും ബസ് സർവിസ് നാമമാത്രമായത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു. ആകെയുള്ളത് രണ്ട് ട്രിപ് സർവിസ് നടത്തുന്ന ഒരു കെ.എസ്.ആർ.ടി.സി ബസാണ്.
വാളിയോട് ഭാഗത്തുള്ളവർ വെളിയം, ഓടനാവട്ടം, കൊട്ടാരക്കര, ആയൂർ എന്നിവിടങ്ങളിലേക്കു പോകണമെങ്കിൽ കിലോമീറ്ററുകൾ നടക്കുകയോ ഓട്ടോയെ ആശ്രയിക്കുകയോ വേണം. ഇവിടെനിന്നു ജോലിക്കു പോകുന്നവരും വിദ്യാർഥികളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ആകെ ആശ്രയം രാവിലെയും വൈകീട്ടും ചടയമംഗലം ഡിപ്പോയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസ് കൊട്ടാരക്കരയിലേക്കും തിരിച്ചു ചടയമംഗലം വരെയും സർവിസ് നടത്തുന്നതാണ്.
റോഡിന്റെ ഇരുവശങ്ങളിലുമായി പോസ്റ്റ് ഓഫിസ്, വാളിയോട് യു.പി സ്കൂൾ, ആരാധനാലയങ്ങൾ, കൂടാതെ, ഒട്ടേറെ സന്ദർശകർ ധാരാളമായി എത്തുന്ന പുരമ്പിൽ ഇരപ്പിന്റെ വെള്ളച്ചാട്ടവും ഉണ്ട്. അമ്പലംകുന്ന് കൈതയിൽ മുതൽ വാപ്പാല വരെ കോടികൾ ചെലവാക്കി മരാമത്ത് വകുപ്പ് ദേശീയനിലവാരത്തിൽ റോഡ് പണി പൂർത്തീകരിച്ചിട്ടുണ്ട്.
സ്കൂൾ വിദ്യാർഥികൾക്ക് സ്വന്തം വാഹനമോ ഓട്ടോയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. കൂലിപ്പണിക്കാരെ സംബന്ധിച്ചിടത്തോളം ഓട്ടോക്ക് പോകാൻ കഴിയാത്തതിനാൽ കിലോമീറ്ററുകൾ കാൽനടയാത്രയാണ്.
പ്രശ്നപരിഹാരമായി സ്വകാര്യ ബസുകൾ പെർമിറ്റ് നൽകി യാത്രാക്ലേശം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇപ്പോൾ ഉള്ള ബസിന്റെ ട്രിപ്പുകൾ കൂട്ടാൻ നടപടിയെടുക്കണമെന്നും ആവശ്യമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.