കൊല്ലം: റെഗുലർ ക്ലാസുകളിലേക്ക് വിദ്യാർഥികൾ തിരിച്ചുവരുന്നതിന് മുന്നോടിയായി ഒരുക്കവുമായി കലാലയങ്ങൾ. ക്ലാസുകളുടെ ടൈംടേബിൾ മുതൽ പരിസര ശുചീകരണം വരെ എല്ലാ കോണിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ട മുന്നൊരുക്കങ്ങളാണ് ജില്ലയിലെ കോളജുകളിൽ നടക്കുന്നത്.
അവസാന വർഷ ബിരുദ-ബിരുദാനന്തര ബിരുദ വിദ്യാർഥികളാണ് ഒക്ടോബർ നാലിന് ക്ലാസുകളിലേക്ക് മടങ്ങിയെത്തുന്നത്. 20 ആർട്സ് ആൻഡ് സയൻസ് കോളജുകളും വിവിധ തരത്തിലുള്ള 80ഒാളം പ്രഫഷനൽ സ്ഥാപനങ്ങളും ഉൾപ്പെടെ ചെറുതും വലുതുമായ 100ന് അടുത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്.
എല്ലാ കോളജുകളിലും കൗൺസിൽ ചേർന്നാണ് ക്ലാസുകൾ തുടങ്ങുന്നതിന് വേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കുന്നത്. തദ്ദേശസ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, ഡിസാസ്റ്റർ മാനേജ്മെൻറ് സംഘം, പി.ടി.എ സമിതികൾ എന്നിങ്ങനെ വിവിധ തലത്തിൽ നിന്ന് ആവശ്യമായ പിന്തുണ കോളജുകൾക്ക് ലഭിക്കുന്നുണ്ട്.
രണ്ട് അധ്യയന വർഷങ്ങളുടെ ഭൂരിഭാഗവും കോവിഡിന് മുന്നിൽ അടിയറവെക്കേണ്ടിവന്നെങ്കിലും അടുത്ത മാസം വിദ്യാർഥികളെ സ്വീകരിക്കാൻ കോളജുകൾ പൂർണ സജ്ജമാണ്. കോവിഡ് രണ്ടാംതരംഗത്തിന് മുമ്പ് ക്ലാസുകൾ നടത്തി, കോവിഡിനൊപ്പം പിടിച്ചുനിൽക്കാനുള്ള അനുഭവസമ്പത്ത് നേടിയത് ഇപ്പോൾ ഗുണം ചെയ്യും.
കൂടാതെ ക്ലാസുകൾ ഇല്ലാതിരുന്ന കാലത്തും പരീക്ഷകളിലൂടെ സജീവമായിരുന്നു കാമ്പസുകൾ. കോവിഡ് ബാധിതരായ വിദ്യാർഥികൾ ഉൾപ്പെടെ കാമ്പസുകളിൽ നേരിെട്ടത്തി പരീക്ഷ എഴുതി മടങ്ങിയ അനുഭവങ്ങളുമുണ്ട്. സാമൂഹിക അകലവും വ്യക്തിശുചിത്വവും പാലിക്കുന്നത് സംബന്ധിച്ച് വിദ്യാർഥികൾക്കും വ്യക്തമായ ധാരണയുള്ളതും കാര്യങ്ങൾ എളുപ്പമാക്കും.
വിദ്യാർഥികളുടെ തിരിച്ചുവരവിൽ ഗേറ്റു മുതൽ തുടങ്ങുന്ന ജാഗ്രതയാണ് കോളജുകളിൽ കാണാനാകുക. സാനിറ്റെസർ വിതരണം, താപനില അളക്കൽ എന്നിവയിൽ തുടങ്ങി, ക്ലാസുകളിലും ലൈബ്രറിയിലും ലാബുകളിലും ശുചിമുറികളിലും വരെ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നു.
പി.ജി ക്ലാസുകളിൽ ആളെണ്ണം കുറവായതിനാൽ വലിയ മുറികളിൽ ഒരേ സമയം എല്ലാ വിദ്യാർഥികളെയും ഉൾക്കൊള്ളിച്ച് സാമൂഹിക അകലം പാലിച്ച് ക്ലാസുകൾ നടത്താനാകും. വിദ്യാർഥികൾ കൂടുതൽ വരുന്ന ഡിഗ്രി ക്ലാസുകളുടെ നടത്തിപ്പാണ് വെല്ലുവിളി. കൊല്ലം നഗരത്തിലെ ഫാത്തിമ മാതാ നാഷനൽ കോളജ്, എസ്.എൻ കോളജുകൾ, ടി.കെ.എം കോളജ് പോലുള്ള വലിയ കോളജുകളിൽ 100ന് മുകളിൽ വിദ്യാർഥികൾ വരുന്ന ഡിഗ്രി ബാച്ചുകൾ ഉണ്ട്.
കൂടുതൽ വിദ്യാർഥികൾ വരുന്ന ക്ലാസുകളിൽ വിദ്യാർഥികളെ തരം തിരിച്ച് ഒരേ സമയം വെവ്വേറെ ക്ലാസുകളിലിരുത്തി വ്യത്യസ്ത വിഷയങ്ങൾ പഠിപ്പിക്കാനാണ് മിക്ക കോളജുകളിലെയും തീരുമാനം. അധ്യാപകരുടെ എണ്ണം അനുസരിച്ചാണ് ഇതിന് ക്രമീകരണം നടത്തുക. ഇതിനായി പ്രത്യേകം ടൈംടേബിൾ തന്നെ കോളജുകൾ തയാറാക്കുന്നുണ്ട്. വിദ്യാർഥികൾക്ക് എത്തിച്ചേരുന്നതിനും മടങ്ങുന്നതിനും അനുയോജ്യമായ സമയക്രമമാണ് കോളജുകൾ സ്വീകരിക്കുന്നത്.
കാമ്പസുകളിൽ സാമൂഹിക അകലവും മാസ്ക് ധരിക്കലും കൈകൾ വൃത്തിയാക്കലും വിദ്യാർഥികൾ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പിക്കുന്നതിന് അധ്യാപക സമിതിയുടെ നിരീക്ഷണവുമുണ്ടാകും. ശുചിമുറികൾ രോഗവ്യാപനത്തിന് വലിയ സാധ്യതയുള്ള സ്ഥലങ്ങളിൽ പെടുന്നതിനാൽ ഇവ പ്രത്യേകം വൃത്തിയാക്കുന്നതിനുള്ള ശ്രദ്ധയും നൽകുന്നുണ്ട്.
ഒാരോ മണിക്കൂർ ഇടവിട്ട് ശുചിമുറികൾ വൃത്തിയാക്കുന്നതിന് പുതിയതായി സ്റ്റാഫിനെ വരെ നിയമിച്ച കോളജുകളുമുണ്ട്. ക്ലാസുകൾ തുടങ്ങുന്നതിന് മുമ്പ് കാമ്പസ് ശുചീകരണത്തിന് തദ്ദേശ സ്ഥാപനങ്ങളുടെയും ഫയർഫോഴ്സിെൻറയും സഹായവും കോളജുകൾക്ക് ലഭിക്കും. ഇതുകൂടാതെ, സ്വന്തമായി ശുചീകരണത്തിന് ഉപകരണങ്ങളും കോളജുകൾ വാങ്ങുന്നുണ്ട്. ക്ലാസുകൾ ആരംഭിച്ചതിന് ശേഷം ഇടക്കിടക്ക് ശുചീകരണം നടത്തുന്നതിന് ഇത് ഉപകാരപ്പെടും. ഇത്തരത്തിൽ കനത്ത ജാഗ്രതയാണ് കോളജുകൾ സ്വീകരിക്കുന്നത്.
ക്ലാസുകളിലേക്ക് തിരികെയെത്താൻ വിദ്യാർഥികൾ കോവിഡ് വാക്സിൻ എടുത്തിരിക്കണം എന്ന നിബന്ധനയുണ്ട്. ഭൂരിഭാഗം പേരും വാക്സിൻ എടുത്തെങ്കിലും ചെറുതല്ലാത്തൊരു വിഭാഗം ഇനിയും വാക്സിൻ സ്വീകരിക്കാൻ ബാക്കിയുണ്ട് എന്നാണ് കോളജ് തലത്തിലെ കണക്കെടുപ്പുകളിൽ വ്യക്തമാകുന്നത്.
ഇതിെൻറ അടിസ്ഥാനത്തിൽ കോളജുകളിൽ തന്നെയും ആരോഗ്യകേന്ദ്രങ്ങൾ വഴിയും വരുന്ന ആഴ്ചയിൽ വാക്സിനേഷൻ ക്യാമ്പുകൾ വിദ്യാർഥികൾക്കായി പ്രത്യേകം സംഘടിപ്പിക്കുന്നുണ്ട്. ഇതുവഴി കോളജ് തുറക്കുേമ്പാഴേക്ക് എല്ലാ വിദ്യാർഥികൾക്കും പ്രതിരോധ വാക്സിൻ എത്തിക്കാനാകും. അധ്യാപകരും അനധ്യാപകരും വാക്സിനേഷൻ മിക്കവാറും പൂർത്തിയാക്കിക്കഴിഞ്ഞു.
ഒാൺലൈൻ സ്ക്രീനുകളിൽ നിന്ന് പഠനം ഒാഫ്ൈലനാകുന്നതിനെ പോസിറ്റിവ് ആയി കാണുകയാണ് വിദ്യാർഥികൾ. പലതരത്തിലുള്ള ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ ഒാൺലൈൻ പഠനം കാരണം വിദ്യാർഥികൾ നേരിട്ടിരുന്നു. ജീവിതത്തിലെ സുപ്രധാന ദിനങ്ങൾ സ്ക്രീനുകൾക്ക് പിന്നിൽ മാത്രം ഒതുങ്ങിപ്പോകുമോ എന്ന ഭയത്തിൽ നിന്നുള്ള മോചനം വരുന്നു എന്നത് അവരുടെ സന്തോഷം ഇരട്ടിപ്പിക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ തന്നെ പഴയകാല ഉൗർജസ്വലതയിലേക്ക് കാമ്പസുകൾക്ക് മടങ്ങിപ്പോകാൻ പരിമിതികളുണ്ട്.
എന്നിരുന്നാലും ഇൗ കെട്ടകാലത്ത് ഇത്രയെങ്കിലും അവസരം ലഭിക്കുമല്ലോ എന്ന ആശ്വാസമാണ് അവർക്കുള്ളത്. ഒാൺലൈൻ ക്ലാസുകൾക്കായുള്ള സംവിധാനങ്ങളെ കാമ്പസുകൾ പൂർണമായും ഉപേക്ഷിക്കുകയുമില്ല. ഗ്രൂപ്പുകളും മറ്റും ഉപേയാഗിച്ച് പഠനം കൂടുതൽ സുഗമമാക്കാനുള്ള ലക്ഷ്യത്തോടെ മുന്നോട്ടുനീങ്ങാമെന്നാണ് കോളജ് അധികൃതരും കണക്കുകൂട്ടുന്നത്.
കലാലയങ്ങൾ സജീവമാകുന്നത് കുട്ടികൾ കോളജിൽ എത്തുമ്പോഴാണ്. വിവിധ പഠന-കലാ-സാഹിത്യ പ്രവർത്തനങ്ങൾ നടത്താനാകാതെ വരുന്നത് കുട്ടികളുടെ മാനസിക വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുമെന്നതിൽ സംശയമില്ല. അവരുടെ വ്യക്തിത്വവികസനത്തിന് കലാലയ അന്തരീക്ഷം അനിവാര്യമാണ്. അതുകൊണ്ടുതന്നെ കലാലയ മുറ്റത്തേക്ക് വിദ്യാർഥികൾ എത്തുന്നത്, വിവിധ സാംസ്കാരിക സംവേദനങ്ങൾ നടക്കുന്നത്, കാമ്പസിെൻറ ആരവങ്ങൾ ഇവയൊക്കെ ഉത്സാഹത്തോടെ കാത്തിരിക്കുകയാണ് അധ്യാപകർ.
കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് വിദ്യാർഥികളെ സ്വീകരിക്കാനൊരുങ്ങുകയാണ്. ബിരുദ ക്ലാസുകളിൽ വിദ്യാർഥികൾ കൂടുതലായതിനാൽ രണ്ടു ബാച്ചുകളിലായി ക്രമീകരിച്ച് ഉച്ചവരെ ക്ലാസുകൾ നടത്താനാണ് തീരുമാനം. ഉച്ച ഭക്ഷണത്തിന് കുട്ടികൾ കൂടുതൽ സമ്പർക്കത്തിലേർപ്പെടുന്നത് തടയുന്നതിനാണിത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും സഹകരണത്തോടെ അധ്യാപനം സുഗമമായി നടത്താൻ സാധിക്കുമെന്ന പ്രത്യാശയാണുള്ളത്.
–ഡോ. ചിത്ര ഗോപിനാഥ്, ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ
കോളജ് തുറക്കുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ആറുമാസമായി പരീക്ഷകളിലൂടെ കാമ്പസ് പൂർണതോതിൽ പ്രവർത്തന സജ്ജമാണ്. കോവിഡ്ബാധിതരായ വിദ്യാർഥികൾ വരെ പരീക്ഷക്കെത്തിയിരുന്നു. അധ്യാപകർ ഉൾപ്പെടെ മുൻകരുതലുകൾ പാലിച്ച് നടത്തിയ പരീക്ഷകളിലൂടെ രോഗബാധ ഒരു വിദ്യാർഥിക്ക് പോലും ഉണ്ടായിട്ടില്ല.
അത്തരം ജാഗ്രത ക്ലാസ് തുടങ്ങുേമ്പാഴും തുടരാനാകും. കൂടുതൽ വിദ്യാർഥികളുള്ള ബാച്ചുകൾ വിഭജിച്ചായിരിക്കും ക്ലാസുകൾ. കോളജ് ഗേറ്റിൽ തന്നെ വിദ്യാർഥികൾക്ക് സാനിറ്റൈസർ നൽകാനും താപനില അളക്കാനും ക്രമീകരണമുണ്ടാകും. ശുചീകരണത്തിന് സ്വന്തമായി യന്ത്രങ്ങളും കോളജ് വാങ്ങുന്നുണ്ട്. ഇതുവരെ വാക്സിനെടുക്കാത്ത കുട്ടികൾക്കായി പ്രത്യേക ക്യാമ്പുകൾ ഒരുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
–ഡോ. പി.ജെ. ജോജോ, ഫാത്തിമ മാത നാഷനൽ കോളജ് പ്രിൻസിപ്പൽ
എല്ലാ ക്രമീകരണങ്ങളും ഒരുക്കി വിദ്യാർഥികൾക്കായി കാത്തിരിക്കുകയാണ് കാമ്പസ്. പരീക്ഷകളുണ്ടായിരുന്നതിനാൽ ഇപ്പോൾ തന്നെ സജ്ജമാണെന്ന് പറയാം. ക്ലാസുകൾ രാവിലെ മുതൽ ഉച്ച വരെയാണ് നടത്തുന്നത്. കൂടുതൽ വിദ്യാർഥികളുള്ള ക്ലാസുകൾ വിഭജിച്ച് പ്രത്യേകമായിരിക്കും നടത്തുക. കാമ്പസിൽ സാമൂഹിക അകലവും സാനിറ്റൈസർ ഉപയോഗവും മാസ്ക് ധരിക്കലും കർശനമായി പാലിക്കുന്നതിന് വേണ്ട ജാഗ്രത സമിതിയും ഉണ്ടാകും. വിദ്യാർഥികൾക്ക് പ്രത്യേക വാക്സിനേഷൻ ക്യാമ്പും ഒരുക്കുന്നുണ്ട്. ശുചീകരണത്തിന് കോർപറേഷെൻറ സഹായം ലഭിക്കുന്നുണ്ട്.
–ഡോ. ആർ. സുനിൽ കുമാർ, െകാല്ലം എസ്.എൻ കോളജ് പ്രിൻസിപ്പൽ
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് കാമ്പസ് വിദ്യാർഥികളെ സ്വീകരിക്കും. പി.ജി. ക്ലാസുകളിൽ മുഴുവൻ വിദ്യാർഥികളുമായും ഡിഗ്രി ക്ലാസുകൾ വിഭജിച്ചുമായിരിക്കും പഠനം. ഇതിനായി പ്രത്യേകം ടൈംടേബിൾ തയാറാക്കുന്നുണ്ട്. അഞ്ഞൂറോളം വിദ്യാർഥികൾക്ക് വാക്സിനേഷൻ പ്രത്യേക ക്യാമ്പ് ബുധനാഴ്ച കാമ്പസിൽ നടക്കുന്നുണ്ട്.
കാമ്പസ് ശുചീകരണത്തിന് ഫയർഫോഴ്സിെൻറ ഉൾപ്പെടെ സഹായം അഭ്യർഥിച്ചിട്ടുണ്ട്. ഇത് കൂടാതെ ക്ലാസുകൾ തുടങ്ങുേമ്പാൾ ശുചിമുറികൾ ഒാരോ മണിക്കൂർ ഇടവിട്ട് വൃത്തിയാക്കുന്നതിന് പ്രത്യേകം സ്റ്റാഫിനെയും മാനേജ്മെൻറ് നിയമിച്ചു. ശുചീകരണം കാര്യക്ഷമമായി നടക്കുന്നെന്ന് ഉറപ്പിക്കുന്നതിനും കുട്ടികൾ മാനദണ്ഡങ്ങൾ പാലിക്കുന്നെന്നത് നിരീക്ഷിക്കുന്നതിനും അധ്യാപക സമിതികൾ മേൽനോട്ടം വഹിക്കും.
–ഡോ. നിഷ ജെ. തറയിൽ, െകാല്ലം എസ്.എൻ വിമൻസ് കോളജ് പ്രിൻസിപ്പൽ
നിസ്സഹായതയുടെ കാലഘട്ടത്തിൽ വിദ്യാർഥികളുടെ തുടർപഠനത്തിന് തെരഞ്ഞെടുത്ത മാർഗമായിരുന്നു ഓൺലൈൻ പഠനം എങ്കിലും, വ്യക്തിപരമായി ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു. പേരിനുവേണ്ടി നടത്തിപ്പോന്ന ക്ലാസുകൾ പരീക്ഷക്ക് ഒരു രീതിയിലും സഹായകമായിരുന്നില്ല. തുടർച്ചയായി ക്ലാസുകൾ ഉണ്ടാവുന്ന സാഹചര്യം വിദ്യാർഥികളുടെ ആരോഗ്യത്തിനും വെല്ലുവിളിയാണ്. കോളജ് തുറക്കുന്നെന്നത് ഏറ്റവും സന്തോഷം നൽകുന്ന കാര്യമാണ്.
–റിഷാന, ശ്രീനാരായണ കോളജ് ബി.എസ്സി മൂന്നാം വർഷ വിദ്യാർഥിനി
കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതിൽ ഓൺലൈൻ ക്ലാസുകൾ വഹിച്ച പങ്ക് ചെറുതല്ല. പല വിദ്യാർഥികൾക്കും ഈ ക്ലാസുകൾ അനുഗ്രഹമായപ്പോൾ അതിെൻറ ദോഷ വശങ്ങൾ അനുഭവിക്കുന്നവരുമുണ്ട്. നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ തന്നെയാണ് വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള ഏറ്റവും നല്ല പോംവഴി. എന്നാൽ, തുടർച്ചയായ ക്ലാസുകൾ കണ്ണുകളുടെ ആരോഗ്യം, സാമൂഹിക ഇടപെടൽ തുടങ്ങിയവ കുറയാൻ കാരണമാകുന്നു. ക്ലാസുകൾ തുടങ്ങുന്നത് പോസിറ്റിവായി തന്നെ കാണുന്നു.
–ഡി. പ്രണവ്, ഫാത്തിമ മാത നാഷനൽ കോളജ് ഡിഗ്രി മൂന്നാം വർഷ വിദ്യാർഥി
വിദ്യാർഥിയുടെ ജീവിതം പൂർണമാകുന്നത് അവരുടെ കലാലയ ജീവിതത്തിലൂടെയാണ്. പാഠപുസ്തകങ്ങളിൽനിന്ന് കിട്ടുന്ന അറിവുകൾക്ക് പുറമെ കലാലയം സമ്മാനിക്കുന്ന അനുഭവങ്ങൾ ജീവിതത്തെ കൂടുതൽ അർഥമുള്ളതാക്കിത്തീർക്കും. ഒാൺലൈൻ ടു ഒാഫ് ൈലൻ അങ്ങനെ സാധ്യമാകാൻ പോകുന്നു. നിയന്ത്രണങ്ങളോടുകൂടിയുള്ള നമ്മുടെ കലാലയ ജീവിതം വിരസത ഉണ്ടാക്കുകയില്ല... കാരണം നിയന്ത്രണങ്ങൾ നമ്മുടെ ജീവിതത്തിെൻറ ഭാഗമാണിന്ന്.
–ഭാഗ്യലക്ഷ്മി, െകാല്ലം എസ്.എൻ വിമൻസ് കോളജ് ബി.എ ഇംഗ്ലീഷ് മൂന്നാം വർഷ വിദ്യാർഥിനി
സന്തോഷമുള്ള കാര്യമാണ് കോളജ് തുറക്കുന്നത്. ഒാൺലൈൻ ക്ലാസുകൾ ശാരീരികമായും മാനസികമായും ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. ക്ലാസുകൾ തുടങ്ങുേമ്പാൾ എല്ലാ വിദ്യാർഥികൾക്കും വാക്സിൻ ലഭിച്ചെന്ന് ഉറപ്പാക്കണം. വിദ്യാർഥികൾക്ക് രണ്ടാം ഡോസ് നേരത്തേ നൽകാനുള്ള നടപടി വേണം. കലാലയങ്ങളിലൂടെ ഒരു വിദ്യാർഥിക്കു പോലും രോഗം പടരാതിരിക്കാനുള്ള ജാഗ്രത അനിവാര്യം.
–എസ്. മുഹമ്മദ് അർഷാദ്, കോളജ് ഒാഫ് അെപ്ലെഡ് സയൻസ് കുണ്ടറ, മൂന്നാം വർഷ വിദ്യാർഥി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.