ചടയമംഗലം: ആനപ്പാറ-കുണ്ടയം-ഭഗവാൻമുക്ക്-കിഴുതോണി റോഡ് നിർമാണം പാതിവഴിയിൽ. ഇട്ടിവ പഞ്ചായത്തിലെ കിഴുതോണി വാർഡിൽ ഉൾപ്പെടുന്ന റോഡ് പ്രധാനമന്ത്രി ഗ്രാം സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 3.8 കോടിയിൽ 2022 ഒക്ടോബറിലാണ് നിർമാണം ആരംഭിച്ചത്. അഞ്ച് കിലോമീറ്ററാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. വർഷങ്ങൾ കഴിഞ്ഞിട്ടും പുരോഗതിയുണ്ടായില്ല.
പ്രവർത്തനങ്ങളുടെ ഭാഗമായി കുഴിച്ച കുഴികളിൽ മണ്ണിട്ട് നികത്താത്തതിനെ തുടർന്ന് അപകടഭീഷണി നിലനിൽക്കുന്നു. മഴയിൽ വെള്ളക്കെട്ടും ചളിയും രൂക്ഷമാണ്.
കിഴുതോണി എൽ.പി സ്കൂൾ വിദ്യാർഥികൾ ഈ റോഡിലൂടെയാണ് സ്കൂളിലേക്ക് എത്തുന്നത്. അപകടം നിറഞ്ഞ റോഡിലൂടെയുള്ള വിദ്യാർഥികളുടെ സഞ്ചാരം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.
നിർമാണഭാഗമായി വിവിധയിടങ്ങളിൽ സൈഡ് വാളുകൾ ഉൾപ്പെടെ കെട്ടിപ്പൊക്കിയും ചില ഭാഗങ്ങളിൽ വീതി കൂട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഇതെല്ലാം നിലച്ചു. നിർമാണം പൂർത്തിയാകാത്തതിനാൽ ഈ ഭാഗങ്ങളിൽ വാട്ടർ അതോററ്റിയുടെ പ്രവർത്തനങ്ങളും തടസ്സമായിരിക്കുകയാണ്. നിർമാണത്തിലെ അപാകതയിൽ പരാതി ഉയർന്നതിനാൽ അന്വേഷണ ഭാഗമായി ജോലി തടസ്സപ്പെട്ടിരുന്നു.
വാർഡ് മെംബർ ഷഫീഖ് ചിറവൂരിന്റെ നേതൃത്വത്തിൽ വിഷയങ്ങൾ ചൂണ്ടിക്കാട്ടി എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് പരാതി നൽകിയിരുന്നു. ഉടൻ പണി തുടങ്ങാനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് അറയിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് ഷഫീഖ് ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.