ചവറ: സൂപ്പര്‍മാര്‍ക്കറ്റ് വ്യാപാരത്തിലും മത്സ്യബന്ധന ബോട്ടിന്റെ നടത്തിപ്പിലും പങ്കാളിയാക്കാമെന്നും ഓഹരികള്‍ വാങ്ങി നല്‍കാമെന്നും വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി പൊലീസ് പിടിയില്‍. ചവറ മുകുന്ദപുരം മേനാമ്പള്ളി സരിത ഭവനില്‍ സരിത (39) ആണ് ചവറ പൊലീസിന്റെ പിടിയിലായത്.
സരിതയും ഭര്‍ത്താവായ അംബുജാക്ഷനും ചേര്‍ന്നു പലപ്പോഴായി 34,70,000 രൂപയാണ് തട്ടിയെടുത്തത് എന്നാണ് പരാതി. അംബുജാക്ഷന് നിലവില്‍ ഒളിവിലാണ്. ചവറ മേനാമ്പള്ളി സ്വദേശിനിയായ വീട്ടമ്മയേയും ഭര്‍ത്താവിനെയുമാണ് ഇവര്‍ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. ഓഹരിയും പാര്‍ട്ണര്‍ഷിപ്പും കിട്ടാതായതിനെ തുടര്‍ന്ന് പൈസ തിരികെ ചോദിക്കാനായി പ്രതികളുടെ വീട്ടില്‍ ചെന്ന വീട്ടമ്മയേയും ഭര്‍ത്താവിനേയും പ്രതിയായ സരിതയും ഭര്‍ത്താവും ചേര്‍ന്ന് ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് ഇവര്‍ ചവറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ സരിത സ്ഥിരം തട്ടിപ്പുകാരിയാണെന്നും നിരവധി ആളുകളെ ഇപ്രകാരം വഞ്ചിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുള്ളതായും കണ്ടെത്താനായതായും പൊലീസ് അറിയിച്ചു.
ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദ്ദേശപ്രകാരം കരുനാഗപ്പള്ളി എ.സി.പി വി.എസ് പ്രദീപ്കുമാറിന്റെ മേല്‍നോട്ടത്തിലും ചവറ ഇന്‍സ്പെക്ടര്‍ കെ.ആര് ബിജു നേതൃത്വത്തിലും എസ്.ഐ ഗോപാലകൃഷ്ണന്, എ.എസ്.ഐ മിനിമോള്‍, എസ്.സി.പി.ഒ മാരായ രഞ്ജിത്ത്, മനീഷ്, അനില്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.